Skip to content

ഐ പി എൽ വേറെ ലെവൽ, താരതമ്യം ചെയ്യാൻ പോലുമാകില്ല, പാകിസ്ഥാൻ പേസർ വഹാബ് റിയാസ്

പാകിസ്ഥാൻ സൂപ്പർ ലീഗിനെ ( പി എസ് എൽ ) ഇന്ത്യൻ പ്രീമിയർ ലീഗുമായി താരതമ്യം ചെയ്യാൻ പോലുമാകില്ലയെന്ന് പാകിസ്ഥാൻ പേസർ വഹാബ് റിയാസ്. എല്ലാ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളെ ഐ പി എല്ലിൽ കാണാനാകുമെന്നും മറ്റൊരു ക്രിക്കറ്റ് ലീഗിനും ഐ പി എല്ലിനൊപ്പമെത്താൻ സാധിക്കുകയില്ലെന്നും വഹാബ് റിയാസ് അഭിപ്രായപെട്ടു.

( Picture Source : Twitter / Bcci )

” അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ താരങ്ങളെയും ഐ പി എല്ലിൽ കാണാൻ സാധിക്കും. ഐ പി എൽ മറ്റൊരു തലത്തിലാണുള്ളത്. അവർ കാണിക്കുന്ന പ്രതിബദ്ധതയും ടൂർണമെന്റ് നടത്തുന്ന രീതിയും പാടെ വ്യത്യസ്തമാണ്. ഐ പി എല്ലിന് പകരം വെയ്ക്കാൻ ഒന്നിനുമാകില്ല. എന്നാൽ ഐ പി എല്ലിന് ശേഷമുള്ള ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗ് പി എസ് എൽ ആണ്. പി എസ് എൽ അത് തെളിയിച്ചിട്ടുമുണ്ട്. ” വഹാബ് റിയാസ് പറഞ്ഞു.

( Picture Source : Twitter / Bcci )

” പാകിസ്ഥാൻ സൂപ്പർ ലീഗിൽ കാണുന്ന ബൗളിങ് നിലവാരം മറ്റെവിടെയും നിങ്ങൾക്ക് കാണാൻ സാധിക്കില്ല, ഐ പി എല്ലിൽ പോലും ! പി എസ് എല്ലിൽ വമ്പൻ സ്‌കോറുകൾ പിറക്കുന്ന ഒരുപാട് മത്സരങ്ങൾ ഉണ്ടാകാറില്ല, അതിന് കാരണം മികച്ച ബൗളിങ് അറ്റാക്കാണ്.  പി എസ് എല്ലിൽ എല്ലാ ടീമിനും ശക്തമായ ബൗളിങ്  നിരയുണ്ടെന്നതാണ് ക്രിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഐ പി എല്ലും പി എസ് എല്ലും തമ്മിലുള്ള പ്രധാന വ്യത്യാസം. ” വഹാബ് റിയാസ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )

കളിക്കാർക്ക് ഉൾപ്പെടെ കോവിഡ് സ്ഥിരീകരിച്ചതിനാൽ ഈ വർഷത്തെ ഐ പി എല്ലും പി എസ് എല്ലും പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. റിപ്പോർട്ടുകൾ അനുസരിച്ച് ജൂലൈ മാസത്തിൽ പി എസ് എല്ലിലെ തുടർന്നുള്ള മത്സരങ്ങൾ നടത്തിയേക്കും. നേരത്തെ ഐ പി എല്ലിലെ ഈ സീസണിലെ തുടർന്നുള്ള മത്സരങ്ങളിൽ ഇന്ത്യയിൽ നടത്താൻ സാധിക്കില്ലയെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.

( Picture Source : Twitter / Bcci )