Skip to content

ഇംഗ്ലണ്ട് പര്യടനത്തിൽ നിന്നും കുൽദീപ് യാദവിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാഹുൽ ദ്രാവിഡ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ നിന്നും സ്പിൻ ബൗളർ കുൽദീപ് യാദവിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്. ദീർഘകാലം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടും മതിയായ അവസരങ്ങൾ കുൽദീപ് യാദവിന് ലഭിച്ചിരുന്നില്ല. ഇതിനുപുറകെയാണ് ഇപ്പോൾ ടീമിൽ നിന്നും താരത്തെ ഒഴിവാക്കിയിരിക്കുന്നത്.

( Picture Source : Twitter )

കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ജഡേജയും അശ്വിനും ഇല്ലാഞ്ഞിട്ടുപോലും പ്ലേയിങ് ഇലവനിൽ സ്ഥാനം നേടാൻ കുൽദീപ് യാദവിന് സാധിച്ചിരുന്നില്ല. വാഷിങ്ടൺ സുന്ദറിനാണ് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ അവസരം നൽകിയത്. ഹോമിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഒരേയൊരു മത്സരത്തിൽ മാത്രമാണ് കുൽദീപ് യാദവിന് അവസരം ലഭിച്ചത്. ഏകദിന ടീമിൽ നിന്നും താരം ഒഴിവാക്കപെടുകയും ചെയ്തു. അക്ഷർ പട്ടേലും വാഷിങ്ടൺ സുന്ദറും അടക്കമുള്ള താരങ്ങൾ ബാറ്റിങിലും കഴിവ്‌ തെളിയിച്ചവരാണെന്നും കുൽദീപ് യാദവിനെ ടീമിൽ നിന്നും ഒഴിവാക്കപെടാനുള്ള കാരണം അതായിരിക്കാമെന്നും ദ്രാവിഡ് പറഞ്ഞു.

( Picture Source : Twitter )

” ഇന്ത്യയുടേത് സന്തുലിതമായ ടീമാണ്. ഈ ഇരുപതംഗ ടീമിൽ ഇടം നേടാൻ അർഹതയുള്ള മറ്റൊരു താരം കുൽദീപ് യാദവ് മാത്രമാണ്. എന്നാൽ അവസാന നിമിഷങ്ങളിൽ അവന്റെ സാധ്യതകൾ ഇല്ലാതായി. കൂടാതെ ഇടക്കാലത്ത് മികച്ച പ്രകടനമാണ് അക്ഷർ പട്ടേലും വാഷിങ്ടൺ സുന്ദറും ജഡേജയും കാഴ്ച്ചവെച്ചത്. അതുകൊണ്ട് തന്നെ ഏതുതരത്തിലുള്ള ടീമാണ് വേണ്ടതെന്ന കാര്യത്തിൽ അവർക്ക് വ്യക്തമായ ധാരണയുണ്ട്. ” രാഹുൽ ദ്രാവിഡ് പറഞ്ഞു.

( Picture Source : Twitter )

” അശ്വിനും ജഡേജയും ബാറ്റിങിലും കഴിവ് തെളിയിച്ചവരാണ്, അതുകൊണ്ട് തന്നെ വാഷിങ്ടൺ സുന്ദറും അക്ഷർ പട്ടേലും അവർക്ക് സമാനമായ പകരക്കാരാണ്. അവർക്ക് വ്യക്തമായ ലക്ഷ്യബോധമുണ്ട്. ഈ ടീം അവരുടെ ബാറ്റിങ് കൂടുതൽ കരുത്തുപകരുന്നു. പര്യടനത്തിനായി ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതിന് മുൻപേ മികച്ച ഇലവൻ ഏതാണെന്ന് അവർക്ക് ഉത്തമബോധ്യമുണ്ട്. ” രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീം

രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി (C), അജിങ്ക്യ രഹാനെ (VC), ഹനുമ വിഹാരി, റിഷഭ് പന്ത് (WK), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷാമി, മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, കെ എൽ രാഹുൽ , വൃദ്ധിമാൻ സാഹ.

( Picture Source : Twitter )