Skip to content

ഞാൻ അവന്റെ വലിയ ആരാധകൻ, അവൻ ടെസ്റ്റിൽ 400 വിക്കറ്റുകൾ നേടും, ബുംറയെ പ്രശംസിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം കർട്ട്ലി ആംബ്രോസ്‌. താൻ ബുംറയുടെ ആരാധകനാണെന്ന് തുറന്നുപറഞ്ഞ ആംബ്രോസ് ബുംറയ്ക്ക് ടെസ്റ്റിൽ 400 വിക്കറ്റ് നേടാൻ സാധിക്കുമോയെന്ന ചോദ്യത്തിനും മറുപടി നൽകി.

( Picture Source : Twitter )

തകർപ്പൻ പ്രകടനമാണ് മൂന്ന് ഫോർമാറ്റിലും ഇന്ത്യക്കായി ബുംറ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ടെസ്റ്റിൽ 19 മത്സരങ്ങളിൽ നിന്നും 83 വിക്കറ്റും ഏകദിനത്തിൽ 67 മത്സരങ്ങളിൽ നിന്നും 108 വിക്കറ്റും ടി20യിൽ 49 മത്സരങ്ങളിൽ നിന്നും 59 വിക്കറ്റും ബുംറ നേടിയിട്ടുണ്ട്‌. ഏകദിന റാങ്കിങിൽ നിലവിൽ നാലാം സ്ഥാനത്തുള്ള ബുംറ ടെസ്റ്റ് റാങ്കിങിൽ പതിനൊന്നാം സ്ഥാനത്താണ്.

( Picture Source : Twitter )

” ഇന്ത്യയ്ക്ക് മികച്ച ഫാസ്റ്റ് ബൗളർമാർ ഉണ്ട്. ഞാൻ ജസ്പ്രീത് ബുംറയുടെ വലിയ ആരാധകനാണ്. ഞാൻ കണ്ടിട്ടുള്ള ബൗളർമാരിൽ നിന്നും ഒരുപാട് വ്യത്യസ്തനാണ് ബുംറ. അവൻ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളത്. ഭാവിയിലും അവനത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ” കർട്ട്ലി ആംബ്രോസ്‌ പറഞ്ഞു.

( Picture Source : Twitter )

ടെസ്റ്റിൽ 400 വിക്കറ്റ് പിന്നിടാൻ ബുംറയ്ക്ക് സാധിക്കുമെന്നും എന്നാൽ അതിനായി ഫിറ്റ്നസ്‌ ബുംറ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” അവന് പന്ത്‌ സീം ചെയ്യാനും സ്വിങ് ചെയ്യാനും മികച്ച യോർക്കറുകൾ എറിയാനും സാധിക്കും. അവന്റെ പക്കൽ ധാരാളം ആയുധങ്ങളുണ്ട്. അതിനാൽ ദീർഘക്കാലം കളിക്കളത്തിൽ തുടരാൻ സാധിച്ചാൽ ആ നാഴികക്കല്ല് പിന്നിടാൻ അവന് സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്. വളരെ ഷോർട്ട് റണ്ണപ്പാണ് ബുംറയുടേത്. കുറച്ചുദൂരം നടന്ന ശേഷം ഡെലിവറിയ്ക്ക് മുൻപ് രണ്ടോ മൂന്നോ തവണ മാത്രമാണ് അവൻ ജോഗ് ചെയ്യുന്നത്. അതുകൊണ്ട് ശരീരത്തിൽ അവൻ കൂടുതൽ ഭാരം നൽകുന്നുണ്ട്. എന്നാൽ ഫിറ്റ്നസ് നിലനിർത്താൻ സാധിച്ചാൽ അക്കാര്യത്തിൽ അവന് കുഴപ്പമുണ്ടാകില്ല. ആ ഷോർട്ട് റണ്ണപ്പിനെ പിന്തുണയ്ക്കാൻ കൂടുതൽ ശക്തി അവന്റെ ശരീരത്തിന് ആവശ്യമാണ്. അതവന് തുടരാൻ സാധിച്ചാൽ ഒരുപാട് ഉയരങ്ങൾ അവൻ കീഴടക്കും. ” ആംബ്രോസ് പറഞ്ഞു.

( Picture Source : Twitter )