Skip to content

തുടർതോൽവികൾക്ക് പുറകെ പുതിയ ക്യാപ്റ്റനെ നിയമിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്

ഐ പി എൽ പതിനാലാം സീസണിലെ ടീമിന്റെ മോശം പ്രകടനത്തിന് പുറകെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഡേവിഡ് വാർണറെ ഒഴിവാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനായിരിക്കും സീസണിലെ തുടർന്നുള്ള മത്സരങ്ങളിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ നയിക്കുക.

( Picture Source : IPL / BCCI )

സീസണിൽ 6 മത്സരങ്ങളിൽ നിന്നും ഒരു വിജയം മാത്രം നേടി പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് സൺറൈസേഴ്‌സ്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ മാത്രനാണ് ടീമിന് വിജയിക്കാൻ സാധിച്ചത്. കൂടാതെ കഴിഞ്ഞ സീസണുകളിലെ പോലെ മികച്ച ഫോം പുറത്തെടുക്കാൻ വാർണർക്ക് സാധിച്ചിട്ടില്ല. 6 മത്സരങ്ങളിൽ 32.17 ശരാശരിയിൽ 193 റൺസ് നേടിയ വാർണറിന്റെ സ്‌ട്രൈക്ക് റേറ്റ് 110.29 ആണ്.

( Picture Source : IPL / BCCI )

കഴിഞ്ഞ മത്സരത്തിൽ 55 മത്സരത്തിൽ 57 റൺസ് നേടിയ വാർണറിന്റെ പ്രകടനം നിരവധി വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. 50 പന്തിൽ നിന്നാണ് മത്സരത്തിൽ വാർണർ തന്റെ അർധസെഞ്ചുറി നേടിയത്. ഐ പി എല്ലിൽ വാർണറിന്റെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റി കൂടിയായിരുന്നു ഇത്.

( Picture Source : IPL / BCCI )

സീസണിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ കളിക്കാതിരുന്ന കെയ്ൻ വില്യംസൺ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്‌ച്ചവെച്ചത്. ഇതിനുമുൻപ് 2018 സീസണിൽ ഡേവിഡ് വാർണറിന്റെ അഭാവത്തിൽ ടീമിനെ നയിച്ച വില്യംസൺ സൺറൈസേഴ്‌സിനെ ഫൈനലിൽ എത്തിച്ചിരുന്നു. ആ സീസണിൽ 17 മത്സരങ്ങളിൽ 52.50 ശരാശരിയിൽ 735 റൺസ് നേടി തകർപ്പൻ പ്രകടനം വില്യംസൺ കാഴ്ച്ചവെച്ചിരുന്നു.

( Picture Source : IPL / BCCI )

2016 സീസണിൽ വാർണറിന്റെ ക്യാപ്റ്റൻസിയിലാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ഐ പി എൽ കിരീടം നേടിയത്. നയിച്ച 5 സീസണിൽ നാലിലും ടീമിനെ പ്ലേയോഫിലെത്തിക്കാൻ വാർണർക്ക് സന്ധിച്ചിരുന്നു.

( Picture Source : IPL / BCCI )