Skip to content

തകർത്താടി പൊള്ളാർഡ്, അവസാന പന്തിൽ ആവേശവിജയം നേടി മുംബൈ ഇന്ത്യൻസ്

കീറോൺ പൊള്ളാർഡിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം. അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ നാല് വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് ചെന്നൈയെ തകർത്തത്.

( Picture Source : IPL / BCCI )

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 219 റൺസിന്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിൽ 6 വിക്കറ്റ് നഷ്ട്ടത്തിലാണ് മുംബൈ ഇന്ത്യൻസ് മറികടന്നത്. 34 പന്തിൽ പുറത്താകാതെ 6 ഫോറും 8 സിക്സുമടക്കം 87 റൺസ് നേടിയ പൊള്ളാർഡാണ് മുംബൈ ഇന്ത്യൻസിന് ആവേശവിജയം സമ്മാനിച്ചത്.

( Picture Source : IPL / BCCI )

മികച്ച തുടക്കമാണ് വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമ്മയും ക്വിന്റൺ ഡീകോക്കും നൽകിയത്. ഡീകോക്ക് 28 പന്തിൽ 38 റൺസ് നേടിയപ്പോൾ രോഹിത് ശർമ്മ 24 പന്തിൽ 35 റൺസ് നേടി പുറത്തായി. ഓപ്പണിങ് കൂട്ടുകെട്ടിൽ 71 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു. ഇരുവർക്കും പുറമെ 23 പന്തിൽ 32 റൺസ് ക്രുനാൽ പാണ്ഡ്യയും 7 പന്തിൽ 16 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയും മികച്ച പ്രകടനം പുറത്തെടുത്തു.

( Picture Source : IPL / BCCI )

നാലോവറിൽ 34 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാം കറാൻ മാത്രമാണ് ചെന്നൈ ബൗളർമാരിൽ അൽപമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവെച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സ് 27 പന്തിൽ 4 ഫോറും 7 സിക്സുമടക്കം പുറത്താകാതെ 72 റൺസ് നേടിയ അമ്പാട്ടി റായുഡു, 36 പന്തിൽ 5 ഫോറും 5 സിക്സുമടക്കം 58 റൺസ് നേടിയ മൊയിൻ അലി, 28 പന്തിൽ 2 ഫോറും 4 സിക്സുമടക്കം 50 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസ് എന്നിവരുടെ മികവിലാണ് വമ്പൻ സ്കോർ നേടിയത്.

( Picture Source : IPL / BCCI )

രണ്ടോവറിൽ 12 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ പൊള്ളാർഡാണ് ബൗളിങിലും മുംബൈ ഇന്ത്യൻസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.

( Picture Source : IPL / BCCI )