Skip to content

ഐ പി എല്ലിൽ കളിക്കാൻ സാധിക്കാത്തത് മറ്റൊരു തരത്തിൽ ഭാഗ്യമായി ; മാർനസ് ലാബുഷെയ്ൻ

ഐ പി എല്ലിൽ കളിക്കാൻ സാധിക്കാതിരുന്നത് ആദ്യം നിരാശപ്പെടുത്തിയെങ്കിലും ഇപ്പോൾ അത് ഭാഗ്യമായി തോന്നുന്നുവെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ മാർനസ് ലാബുഷെയ്ൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കായി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ലാബുഷെയ്ൻ താരലേലത്തിൽ ഉണ്ടായിരുന്നുവെങ്കിലും ആവശ്യക്കാരില്ലാത്തതിനാൽ അൺസോൾഡ് ആവുകയായിരുന്നു. എന്നാൽ ഇപ്പോൾ വിദേശ താരങ്ങൾ ഐ പി എൽ ഉപേക്ഷിച്ച് നാട്ടിലേക്ക് വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം മാർനസ് ലാബുഷെയ്ൻ തുറന്നുപറഞ്ഞത്.

( Picture Source : Twitter )

” ആദ്യം നിരാശപ്പെട്ടെങ്കിലും അതിപ്പോൾ ഭാഗ്യമായി തോന്നുന്നു. ഐ പി എൽ വലിയ ടൂർണമെന്റാണ് അതിന്റെ ഭാഗമാകാൻ ഞാൻ വളരെയേറെ ഇഷ്ട്ടപെടുന്നുണ്ട്. എന്നാൽ ഒരു നാണയത്തിന്എല്ലായ്പ്പോഴും രണ്ട് വശമുണ്ട്. ഞാൻ ഐ പി എല്ലിലായിരുന്നെങ്കിൽ എനിക്ക് ഷെഫീൽഡ് ഷീൽഡിൽ ( ഓസ്‌ട്രേലിയയിലെ ആഭ്യന്തര ടൂർണമെന്റ് ) കളിക്കാൻ സാധിക്കുമായിരുന്നില്ല, രണ്ടാമതായി ഇന്ത്യയിലെ സാഹചര്യങ്ങൾ നോക്കൂ, അത് വളരെ മോശമാണ്. ” മാർനസ് ലാബുഷെയ്ൻ പറഞ്ഞു.

” സുരക്ഷിതരല്ലെന്ന് കരുതുന്ന താരങ്ങളുമായി ഞാൻ അധികം സംസാരിച്ചിട്ടില്ല. ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയെത്തുകയെന്നതാണ് പ്രധാനം. അവർ സുരക്ഷിതരായി ഇരിക്കുന്നുവെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. സുരക്ഷിതരായി തന്നെ അവർ ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയെത്തട്ടെ. ” മാർനസ് ലാബുഷെയ്ൻ കൂട്ടിച്ചേർത്തു.

കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ആർ സി ബിയുടെ ഓസ്‌ട്രേലിയൻ താരങ്ങളായ ആഡം സാംപ, കെയ്ൻ റിച്ചാർഡ്സൺ എന്നിവരും രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റൺ, ഓസ്‌ട്രേലിയൻ താരം ആൻഡ്രൂ ടൈ എന്നിവർ സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ ഓസ്‌ട്രേലിയ നിർത്തിയതിനാൽ ഇനി ടൂർണമെന്റ് അവസാനിച്ചതിന് ശേഷം മാത്രമേ മറ്റു താരങ്ങൾക്ക് നാട്ടിലേക്ക്‌ മടങ്ങാൻ സാധിക്കൂ. ആഷസ് അടക്കമുള്ള പരമ്പരകൾ നടക്കാനിരിക്കുന്നതിനാൽ ചാർട്ടഡ് ഫ്ലൈറ്റിലൂടെ താരങ്ങളെ നാട്ടിലെത്തിച്ചേക്കും.

( Picture Source : IPL / BCCI )

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കാനിരിക്കുന്നതിനാൽ ഇന്ത്യൻ താരങ്ങൾക്കൊപ്പം ന്യൂസിലാൻഡ് താരങ്ങൾ ഇംഗ്ലണ്ടിലേക്ക് തിരിച്ചേക്കും.

( Picture Source : IPL / BCCI )