Skip to content

ടെസ്റ്റ് ചാമ്പ്യൻസ്ഷിപ്പ് ഫൈനൽ മുന്നിൽ കണ്ട്   ജാമീസന്റെ ബൗളിങ് തന്ത്രം മനസ്സിലാക്കാൻ കോഹ്‌ലിയുടെ ശ്രമം ;  ‘നോ’ പറഞ്ഞ് ന്യുസിലാൻറ് താരം

ജൂണിൽ ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഒരുക്കങ്ങൾ  ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി തുടങ്ങിയതായാണ് ഇപ്പോൾ ആർസിബി ക്യാമ്പിൽ നിന്ന് പുറത്തുവന്ന രസകരമായ സംഭവം സൂചിപ്പിക്കുന്നത്. ജൂണ് 18ന് ആരംഭിക്കുന്ന ഫൈനലിൽ ന്യുസിലാന്റിനെയാണ് ഇന്ത്യ നേരിടുക. കഴിഞ്ഞ വർഷം തുടക്കത്തിൽ ന്യുസിലാൻറ് പര്യടനത്തിന് ഇന്ത്യ പോയപ്പോൾ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ജാമീസനിൽ നിന്ന് ഇന്ത്യ നേരിട്ടത്. 2-0 ന് ഇന്ത്യ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടപ്പോൾ ന്യുസിലാന്റിന്റെ വിജയത്തിൽ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും നിർണായക പങ്ക് ജാമീസൻ വഹിച്ചിരുന്നു.

കോഹ്ലി ഉൾപ്പെടെയുള്ള ഇന്ത്യയുടെ മുൻനിര താരങ്ങൾ അന്ന് ഈ യുവതാരത്തെ നേരിടാൻ ബുദ്ധിമുട്ടിയിരുന്നു. അതിനാൽ തന്നെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടാൻ ജാമീസനെന്ന വെല്ലുവിളി നേരിടാൻ സജ്ജമായിരിക്കേണ്ടത് അനിവാര്യമാണ്. ആർസിബിയിൽ ജാമീസൻ കോഹ്‌ലിയുടെ സഹതാരം കൂടിയാണ്. ഈ അവസരം മുതലെടുത്ത് ബൗളിങ് തന്ത്രം മനസ്സിലാക്കാനുള്ള കോഹ്‌ലിയുടെ ശ്രമമാണ് ജാമീസൻ പൊളിച്ചടുക്കിയത്.

സംഭവം ഇങ്ങനെ…
ബാംഗ്ലൂരിന്റെ പരിശീലന മൈതാനത്തിരിക്കുമ്പോൾ ക്യാപ്റ്റൻ വിരാട് കോലി സഹതാരം ന്യൂസീലൻഡ് പേസർ കൈൽ ജയ്മിസനോടു ചോദിച്ചു: ‘തന്റെ കയ്യിലുള്ള ആ ഡ്യൂക്ക് ബോൾ ഉപയോഗിച്ച് എനിക്കു പന്തെറിഞ്ഞു തരുമോ?’ എന്നാൽ ക്യാപ്റ്റന്റെ ചോദ്യത്തിന് ഒന്നും നോക്കാതെ നോ പറയുകയായിരുന്നു ജാമീസൻ.

ജാമീസന്റെ ബോളിങ് തന്ത്രം മനസ്സിലാക്കാനായിരുന്നു കോലിയുടെ ശ്രമം വെളിപ്പെടുത്തിയത് ബാംഗ്ലൂർ ടീമിൽ ഇരുവരുടെയും സഹതാരമായ ഡാൻ ക്രിസ്റ്റ്യനാണ്. ‘ ഞങ്ങൾ ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു. ടെസ്റ്റിന് ഉപയോഗിക്കുന്ന ഡ്യൂക്ക് പന്തുകൾ തന്റെ കയ്യിലുണ്ടെന്നു ജയ്മി വെളിപ്പെടുത്തി. നെറ്റ്സിൽ ആ പന്തുകൾ ഉപയോഗിച്ച് എറിഞ്ഞാൽ  സന്തോഷമാകുമെന്ന് ഉടൻ കോലി പറഞ്ഞു.

ക്ഷമിക്കണം, പറ്റില്ലെന്നായിരുന്നു ജയ്മിയുടെ മറുപടി’ – ജയ്മിയുടെ ബോളിങ് ശൈലിയുടെ രഹസ്യങ്ങൾ പിടിച്ചെടുക്കാനുള്ള കോലിയുടെ ശ്രമം അങ്ങനെ പരാജയപ്പെട്ടെന്ന് ഒരു യുട്യൂബ് ചാനലിൽ ക്രിസ്റ്റ്യൻ പറഞ്ഞു.