Skip to content

ആദ്യ ഓവറിലെ 6 പന്തിലും ഫോർ, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പൃഥ്വി ഷാ

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ പൃഥ്വി ഷാ കാഴ്ച്ചവെച്ചത്. 18 പന്തിൽ ഫിഫ്റ്റി നേടിയ പൃഥ്വി ഷായുടെ മികവിൽ കൊൽക്കത്തയ്ക്കെതിരെ 7 വിക്കറ്റിന്റെ അനായാസ വിജയം ഡൽഹി ക്യാപിറ്റൽസ്‌ നേടിയിരുന്നു. മത്സരത്തിലെ ആദ്യ ഓവറിൽ ശിവം മാവിയ്ക്കെതിരെ 6 പന്തിൽ 6 ഫോർ പൃഥ്വി ഷാ നേടിയിരുന്നു. ഇതോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ യുവതാരം.

( Picture Source : IPL / BCCI )

മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 155 റൺസിന്റെ വിജയലക്ഷ്യം 16.3 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ മറികടന്നിരുന്നു. 41 പന്തിൽ 11 ഫോറും 3 സിക്സുമടക്കം 82 റൺസ് നേടിയ പൃഥ്വി ഷായാണ് ഡൽഹിയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ശിഖാർ ധവാൻ 46 റൺസ് നേടി പുറത്തായി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ്‌ 27 പന്തിൽ 45 റൺസ് നേടിയ ആന്ദ്രേ റസ്സലിന്റെയും 38 പന്തിൽ 43 റൺസ് നേടിയ ശുഭ്മാൻ ഗില്ലിന്റെയും മികവിലാണ് അല്പമെങ്കിലും പൊരുതാവുന്ന സ്കോറിൽ എത്തിയത്.

( Picture Source : IPL / BCCI )

ആദ്യ ഓവറിലെ 6 പന്തിലും ഫോർ നേടിയതോടെ ഐ പി എല്ലിൽ ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന തകർപ്പൻ നേട്ടം പൃഥ്വി ഷാ സ്വന്തമാക്കി. 2018 ൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ 21 റൺസ് നേടിയ സുനിൽ നരെയ്ൻ, 2009 ൽ കൊൽക്കത്തയ്ക്കെതിരെ 21 റൺസ് നേടിയ നമാൻ ഓജ എന്നിവരെ പിന്നിലാക്കിയാണ് ഈ റെക്കോർഡ് പൃഥ്വി ഷാ സ്വന്തമാക്കിയത്.

( Picture Source : IPL / BCCI )

ഐ പി എല്ലിൽ ഒരോവറിലെ 6 പന്തിലും ഫോർ നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനാണ് പൃഥ്വി ഷാ. 2012 ൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കവേ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തിലെ ഒരോവറിൽ 6 പന്തിലും രഹാനെ ഫോർ നേടിയിരുന്നു.

( Picture Source : IPL / BCCI )

ഐ പി എൽ ഡൽഹി ക്യാപിറ്റൽസിന് ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ റിഷഭ് പന്തിനൊപ്പം പൃഥ്വി ഷായെത്തി. 2019 ൽ മുംബൈ ഇന്ത്യൻസിനെതിരെ 18 പന്തിൽ റിഷഭ് പന്ത്‌ ഫിഫ്റ്റി നേടിയിരുന്നു. 2016 ൽ ഗുജറാത്ത് ലയൺസിനെതിരെ 17 പന്തിൽ ഫിഫ്റ്റി നേടിയ ക്രിസ് മോറിസാണ് ഐ പി എല്ലിൽ ഡൽഹി ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടിയിട്ടുള്ള ബാറ്റ്‌സ്മാൻ.

( Picture Source : IPL / BCCI )