Skip to content

അടുത്ത സീസണിൽ ധോണി കളിച്ചില്ലയെങ്കിൽ ആ താരം ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകണം

അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മഹേന്ദ്ര സിങ് ധോണി കളിക്കുന്നില്ലയെങ്കിൽ ന്യൂസിലാൻഡ് ക്യാപ്റ്റനും നിലവിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും കൂടിയായ കെയ്ൻ വില്യംസൺ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകണമെന്ന് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ. തന്റെ അഭിപ്രായത്തിന് പിന്നിലെ കാരണവും പ്രഗ്യാൻ ഓജ വെളിപ്പെടുത്തി.

( Picture Source : IPL / BCCI )

ധോണിയുടെ അഭാവത്തിൽ ഭാവിയിൽ രവീന്ദ്ര ജഡേജ ചെന്നൈയുടെ ക്യാപ്റ്റനാകാനുള്ള സാധ്യതകൾ തള്ളികളഞ്ഞാണ് ക്യാപ്റ്റനായി കെയ്ൻ വില്യംസണെ ഓജ നിർദ്ദേശിച്ചത്. ഡേവിഡ് വാർണറുടെ അഭാവത്തിൽ ഐ പി എൽ 2018 സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ നയിച്ച വില്യംസൺ ടീമിനെ ഫൈനലിൽ എത്തിച്ചിരുന്നു. ചെന്നൈ സൂപ്പർ കിങ്സിനോടാണ് ഫൈനലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് പരാജയപെട്ടത്. സീസണിൽ 17 മത്സരങ്ങളിൽ നിന്നും 52.50 ശരാശരിയിൽ 735 റൺസ് നേടിയ കെയ്ൻ വില്യംസനാണ് സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിരുന്നത്. ഐ പി എല്ലിൽ ഇതുവരെ 56 മത്സരങ്ങളിൽ നിന്നും 42.12 ശരാശരിയിൽ 1727 റൺസ് നേടാൻ കെയ്ൻ വില്യംസണ് സാധിച്ചിട്ടുണ്ട്. 16 ഫിഫ്റ്റി ഐ പി എൽ കരിയറിൽ വില്യംസൺ നേടി.

( Picture Source : IPL / BCCI )

” രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനാകാൻ യോജിച്ച താരമാണ്. എന്നാൽ ക്യാപ്റ്റൻസിയെ കുറിച്ച് ചോദിച്ചാൽ ഒരേയൊരാൾക്കെ ധോണിയ്ക്ക് പകരക്കാരനാകാൻ സാധിക്കൂ, അത്‌ കെയ്ൻ വില്യംസനാണ്. സൺറൈസേഴ്‌സ് ഹൈദരാബാദ് അവനെ വേണ്ടവിധം ഉപയോഗിക്കുന്നില്ല. അടുത്ത വർഷം മെഗാ ലേലം നടക്കുകയാണ്. എം എസ് ധോണി കളിക്കുകയാണെങ്കിൽ ഈ ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല. എന്നാൽ ധോണി കളിക്കുന്നില്ലയെങ്കിൽ ക്യാപ്റ്റനായി കെയ്ൻ വില്യംസണെ പരിഗണിക്കണം. ” പ്രഗ്യാൻ ഓജ പറഞ്ഞു.

( Picture Source : IPL / BCCI )

2019 ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനെ ഫൈനലിലെത്തിച്ച വില്യംസൺ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ടീമിലെ ഫൈനലിലെത്തിച്ചു.

( Picture Source : IPL / BCCI )

ഐ പി എൽ പതിനാലാം സീസണിൽ തകർപ്പൻ പ്രകടനമാണ് എം എസ് ധോണിയുടെ കീഴിൽ ചെന്നൈ സൂപ്പർ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 7 വിക്കറ്റിന് പരാജയപെടുത്തി സീസണിലെ തുടർച്ചയായ അഞ്ചാം വിജയം നേടിയ ചെന്നൈ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

( Picture Source : IPL / BCCI )