Skip to content

ആ യുവതാരം ഭാവിയിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകും : സെവാഗ്

യുഎഇയിൽ നടന്ന കഴിഞ്ഞ ഐപിഎൽ സീസണിലേറ്റ തിരിച്ചടിക്ക് ഇത്തവണ  കണക്കുതീര്‍ത്ത് കുതിപ്പ് തുടരുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റ ശേഷം പിന്നീട് ചെന്നൈക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഏഴു വിക്കറ്റ് ജയത്തിലൂടെ പോയിന്റ് ടേബിളില്‍ ബാംഗ്ലൂരിനെ മറികടന്ന് ഒന്നാമതെത്തുകയും ചെയ്തു. ഈ സീസണിലെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്.

ഡുപ്ലെസിസ് – ഗെയ്‌ക്ക്വാദ് സഖ്യം  ഓപ്പണിങ്ങിൽ തിളങ്ങിയതോടെ
സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഒന്‍പതു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ചെന്നൈ മറികടന്നത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മനീഷ് പാണ്ഡെ (61), ഡേവിഡ് വാര്‍ണര്‍ (57) എന്നിവരുടെ ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ലുങ്കി എന്‍ഗിഡി ചെന്നൈയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

44 പന്തിൽ നിന്ന് 12 ഫോർ ഉൾപ്പെടെ 75 റൺസ് നേടിയ ഗെയ്ക്ക്വാദ് ആയിരുന്നു മാൻ ഓഫ് ദ മാച്ച്. മത്സരത്തിന് പിന്നാലെ യുവതാരത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് രംഗത്തെത്തി. ഭാവിയിൽ ഗെയ്ക്ക്വാദ് ചെന്നൈയുടെ ക്യാപ്റ്റനാകുമെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

” ഞാൻ വ്യക്തിപരമായി രുതുരാജ് ഗെയ്ക്ക്വാഡ് കളിക്കുന്നത് കണ്ടിട്ടില്ല, പക്ഷേ അടുത്ത രണ്ട് വർഷത്തേക്ക് അദ്ദേഹം സി‌എസ്‌കെയിൽ തുടരുകയാണെങ്കിൽ, ക്യാപ്റ്റനാകാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരിക്കും ” സെവാഗ് അവകാശപ്പെട്ടു.

” ഞാൻ അവനുമായി വ്യക്തിപരമായി സമയം ചെലവഴിച്ചിട്ടില്ല.  എന്നാൽ അവൻ  ശാന്തമായാണ് ബാറ്റ് ചെയ്യുന്നത്, എപ്പോൾ റിസ്ക് എടുക്കണമെന്നും ഓരോ നിമിഷവും എങ്ങനെ ബാറ്റ് ചെയ്യാമെന്നും അവനറിയാം. അവൻ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയോ വിക്കറ്റ് വലിച്ചെറിയുകയോ ചെയ്യുന്നില്ല.
ഈ ഗുണങ്ങളെല്ലാം നോക്കുമ്പോൾ, അദ്ദേഹം സി‌എസ്‌കെയിൽ തുടരുകയാണെങ്കിൽ, അദ്ദേഹത്തിന് ക്യാപ്റ്റനവാനുള്ള കഴിവുണ്ടായിരിക്കും.  അവൻ ആഭ്യന്തര ക്രിക്കറ്റിൽ ക്യാപ്റ്റനാണെങ്കിൽ, സി‌എസ്‌കെയെ നയിക്കാനുള്ള സാധ്യത തീർച്ചയായും വർദ്ധിക്കും ” സെവാഗ് പറഞ്ഞു