Skip to content

രാഹുലിന് പിന്നാലെ ആ മോശം റെക്കോർഡിൽ ഡേവിഡ് വാർണറും

ഐപിഎല്ലിലെ ചെന്നൈ വീരഗാഥ തുടരുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച്‌ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പോയിന്റ് നിലയില്‍ വീണ്ടും ഒന്നാമതെത്തി. ചെന്നൈയുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണ്. 172 റണ്‍സ് ലക്ഷ്യവച്ചിറങ്ങിയ ചെന്നൈപടയ്ക്കായി ഇന്ന് വെടിക്കെട്ട് കാഴ്ചവച്ചത് ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്ക്‌വാദും (44 പന്തില്‍ 75)ഫഫ് ഡു പ്ലിസ്സിസും (38 പന്തില്‍ 56) ആണ്.

ജയിക്കാനായി ഇറങ്ങിയ പ്രകടനമാണ് തുടക്കംമുതല്‍ ഓപ്പണ്ണിങ് കൂട്ടുകെട്ട് നടത്തിയത്. മോയിന്‍ അലി 15 റണ്‍സെടുത്ത് പുറത്തായി. ജഡേജ(7), സുരേഷ് റെയ്‌ന (17) എന്നിവര്‍ പുറത്താവാതെ നിന്നു.
18.3 ഓവറിലാണ് ചെന്നൈ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. സണ്‍റൈസേഴ്‌സിനായി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടി.ഒരു ജയം മാത്രമുള്ള എസ്‌ആര്‍എച്ച്‌ ലീഗില്‍ അവസാന സ്ഥാനത്താണ്.

മത്സരത്തിലെ ഡേവിഡ് വാർണറിന്റെ മെല്ലെപ്പോക്ക് അദ്ദേഹത്തിന് മോശം റെക്കോർഡ് സമ്മാനിച്ചിരിക്കുകയാണ്. നേരിട്ട 50ആം പന്തിൽ സിക്സിലൂടെ അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയ വാർണർ പുറത്താകുന്ന സമയത്ത് 55 പന്തിൽ നിന്ന്  3 ഫോറും 2 സിക്‌സും സഹിതം 57 റൺസ് നേടിയിരുന്നു. 103 സ്‌ട്രൈക് റേറ്റിലായിരുന്നു വാർണർ ബാറ്റ് വീശിയത്.

ഐപിഎൽ കരിയറിൽ 50 അർദ്ധ സെഞ്ചുറികൾ പൂർത്തിയാക്കിയ വാർണറിന്റെ നേരിട്ട ബോൾ അടിസ്‌ഥാനത്തിലുള്ള ഏറ്റവും വേഗത കുറഞ്ഞ അർദ്ധ സെഞ്ചുറിയായിരുന്നു ഇന്നലെ പിറന്നത്. ഒപ്പം അർദ്ധ സെഞ്ചുറി നേടിയ മത്സരത്തിൽ ടീമിലെ ഏറ്റവും കുറഞ്ഞ സ്‌ട്രൈക് റേറ്റുള്ള താരമെന്ന മോശം റെക്കോർഡാണ് കെ എൽ രാഹുലിന് പിന്നാലെ വാർണറെ തേടിയെത്തിയത്.

ഇന്നലെ ഹൈദരബാദിനായി ബാറ്റ് ചെയ്തവരിൽ ബെയ്ർസ്റ്റോ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, വില്യംസൻ ഉൾപ്പെടെയുള്ളവർക്ക് വാർണറിനെക്കാളും സ്‌ട്രൈക് റേറ്റുണ്ട്. 2020 ൽ യുഎഇയിൽ നടന്ന ഐപിഎലിൽ ചെന്നൈക്കെതിരെയുള്ള മത്സരത്തിലാണ് രാഹുലും ഈ മോശം റെക്കോർഡിന് ഇരയായത്. അന്ന് രാഹുൽ 52 പന്തിൽ 63 റൺസ് നേടിയിരുന്നു. 121 ആയിരുന്നു പഞ്ചാബ് ക്യാപ്റ്റന്റെ സ്‌ട്രൈക് റേറ്റ്.