Skip to content

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, ചരിത്രറെക്കോർഡ് സ്വന്തമാക്കി എ ബി ഡിവില്ലിയേഴ്സ്

ഡൽഹി ക്യാപിറ്റൽസിനെതിരായ തകർപ്പൻ പ്രകടനത്തിന് പുറകെ ചരിത്രനേട്ടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ്. ബാംഗ്ലൂർ ഒരു റണ്ണിന് വിജയിച്ച മത്സരത്തിൽ അർധസെഞ്ചുറി നേടിയ ഡിവില്ലിയേഴ്സാണ് മാൻ ഓഫ് ദി മാച്ച് നേടിയത്. ഇതോടെയാണ് ഈ ചരിത്രനേട്ടം ഡിവില്ലിയേഴ്സ് സ്വന്തമാക്കിയത്.

( Picture Source : IPL / BCCI )

മത്സരത്തിൽ 42 പന്തിൽ 3 ഫോറും 5 സിക്സുമടക്കം പുറത്താകാതെ 75 റൺസ് നേടിയ ഡിവില്ലിയേഴ്സിന്റെ മികവിലാണ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 171 റൺസ് ആർ സി ബി നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ഡൽഹിയ്ക്ക് വേണ്ടി 48 പന്തിൽ 58 റൺസ് നേടിയ ക്യാപ്റ്റൻ റിഷഭ് പന്തും 25 പന്തിൽ 53 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മയറും തിളങ്ങിയെങ്കിലും നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 170 റൺസ് നേടാനെ സാധിച്ചുള്ളു.

( Picture Source : IPL / BCCI )

മത്സരത്തിലും മാൻ ഓഫ് ദി മാച്ച് നേടിയതോടെ ഐ പി എൽ ചരിത്രത്തിൽ 25 മാൻ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന ആദ്യ താരമെന്ന ചരിത്രറെക്കോർഡ് എ ബി ഡിവില്ലിയേഴ്സ് സ്വന്തമാക്കി. 22 മാൻ ഓഫ് ദി മാച്ച് നേടിയ ക്രിസ് ഗെയ്ൽ, 18 മാൻ ഓഫ് ദി മാച്ച് നേടിയ രോഹിത് ശർമ്മ എന്നിവരാണ് ഈ പട്ടികയിൽ ഡിവില്ലിയേഴ്സിന് പുറകിലുള്ളത്. 17 തവണ മാൻ ഓഫ് ദി മാച്ച് നേടിയ ഡേവിഡ് വാർണറും എം എസ് ധോണിയുമാണ് നാലാം സ്ഥാനത്തുള്ളത്.

( Picture Source : IPL / BCCI )

മത്സരത്തോടെ ഐ പി എല്ലിൽ 5,000 റൺസും ഡിവില്ലിയേഴ്സ് പൂർത്തിയാക്കി. ഐ പി എല്ലിൽ 5000 റൺസ് നേടുന്ന ആറാമത്തെ ബാറ്റ്‌സ്മാൻ രണ്ടാമത്തെ വിദേശ ബാറ്റ്‌സ്മാനുമാണ് ഡിവില്ലിയേഴ്സ്. ഡേവിഡ് വാർണറാണ് ഐ പി എല്ലിൽ ആദ്യമായി 5,000 റൺസ് നേടിയ വിദേശ താരം.

( Picture Source : IPL / BCCI )

നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് നേടുന്ന ബാറ്റ്‌സ്മാനും കൂടിയാണ് ഡിവില്ലിയേഴ്സ്. 3288 പന്തുകൾ നേരിട്ടാണ് ഐ പി എല്ലിൽ 5000 റൺസ് എ ബി പൂർത്തിയാക്കിയത്. 3554 പന്തിൽ നിന്നും 5000 റൺസ് നേടിയ ഡേവിഡ് വാർണറെയാണ് ഈ നേട്ടത്തിൽ ഡിവില്ലിയേഴ്സ് പിന്നിലാക്കിയത്. കളിച്ച ഇന്നിങ്സുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ 5,000 റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്‌മാനാണ് ഡിവില്ലിയേഴ്സ്. 161 ഇന്നിങ്സിൽ നിന്നാണ് ഡിവില്ലിയേഴ്സ് 5000 റൺസ് നേടിയത്. 135 ഇന്നിങ്സിൽ 5000 റൺസ് നേടിയ ഡേവിഡ് വാർണറാണ് ഈ പട്ടികയിൽ ഒന്നാമൻ. 157 ഇന്നിങ്സിൽ നിന്നും ഈ നാഴികക്കല്ല് പിന്നിട്ട വിരാട് കോഹ്ലിയാണ് രണ്ടാം സ്ഥാനത്തുള്ളത്.

( Picture Source : IPL / BCCI )