Skip to content

ക്യാപ്റ്റൻസിയിൽ പത്തിൽ 5 മാർക്ക് പോലും അവന് നൽകില്ല, പന്തിനെ വിമർശിച്ച് വീരേന്ദർ സെവാഗ്

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ പരാജയത്തിന് പുറകെ ഡൽഹി ക്യാപിറ്റൽസ്‌ ക്യാപ്റ്റൻ റിഷഭ് പന്തിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ക്യാപ്റ്റൻസിയിൽ പത്തിൽ 5 മാർക്ക് പോലും പന്തിന് നൽകാൻ സാധിക്കില്ലയെന്ന് പറഞ്ഞ സെവാഗ് മത്സരത്തിൽ പന്ത്‌ വരുത്തിയ പിഴവുകളും ചൂണ്ടിക്കാട്ടി.

( Picture Source : IPL / BCCI )

മത്സരത്തിൽ ഒരു റണ്ണിനാണ് ഡൽഹി ക്യാപിറ്റൽസ്‌ പരാജയപെട്ടത്. ബാംഗ്ലൂർ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയ്ക്ക് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 170 റൺസ് നേടാനെ സാധിച്ചുള്ളു. 48 പന്തിൽ 58 റൺസ് നേടിയ റിഷഭ് പന്തും 25 പന്തിൽ 53 റൺസ് നേടിയ ഷിംറോൻ ഹെറ്റ്മയറും ഡൽഹിയ്ക്ക് വേണ്ടി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. നേരത്തെ 42 പന്തിൽ പുറത്താകാതെ 72 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സാണ് ബാംഗ്ലൂരിന് മികച്ച സ്കോർ സമ്മാനിച്ചത്. ആർ സി ബി ഇന്നിങ്സിൽ മാർക്കസ് സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറാണ് മത്സരത്തിൽ വഴിത്തിരിവായത്. ഓവറിൽ 23 റൺസ് എ ബി ഡിവില്ലിയേഴ്സ് നേടിയിരുന്നു. മികച്ച രീതിയിൽ പന്തെറിഞ്ഞ അമിത് മിശ്രയ്ക്ക് മൂന്നോവർ മാത്രമാണ് റിഷാബ് പന്ത്‌ നൽകിയത്. കൂടാതെ 14 ആം ഓവറിനുള്ളിൽ ഇഷാന്ത് ശർമ്മയ്ക്ക് നാല് ഓവറും നൽകിയത് ഡൽഹിയ്ക്ക് തിരിച്ചടിയായി. നേരത്തെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലും മികച്ച ഫോമിൽ പന്തെറിഞ്ഞ രവിചന്ദ്രൻ അശ്വിന് നാലാം ഓവർ പന്ത്‌ നൽകിയിരുന്നില്ല. ആ മത്സരത്തിലും ഡൽഹി ക്യാപിറ്റൽസ്‌ പരാജയപെട്ടിരുന്നു.

( Picture Source : IPL / BCCI )

” അവന്റെ ക്യാപ്റ്റൻസിയ്ക്ക് പത്തിൽ 5 മാർക്ക് പോലും ഞാൻ നൽകില്ല. കാരണം ഇത്തരം പിഴവുകൾ നിങ്ങൾക്ക് വരുത്താൻ സാധിക്കില്ല. നിങ്ങളുടെ പ്രധാനപ്പെട്ട ബൗളർക്ക് ബൗൾ ചെയ്യാൻ സാധിച്ചില്ലയെങ്കിൽ നിങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്നാണ് അർത്ഥം. അതിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് ബൗളർമാരെ മാനേജ് ചെയ്യാൻ ക്യാപ്റ്റന്മാർക്ക് സാധിക്കണം. ” വീരേന്ദർ സെവാഗ് പറഞ്ഞു.

( Picture Source : IPL / BCCI )

” അക്കാര്യം ഒരു ക്യാപ്റ്റൻ മനസ്സിലാക്കേണ്ടതുണ്ട് അല്ലെങ്കിൽ നിങ്ങൾക്ക് തോന്നുന്നയാൾക്ക് ഓവർ നൽകേണ്ടിവരും. ഒരു ക്യാപ്റ്റന്റെ കഴിവെന്നത് അവൻ എങ്ങനെ മത്സരം വഴിത്തിരിക്കുന്നുവെന്നതാണ്. മത്സരത്തിലെ സാഹചര്യങ്ങൾ മനസ്സിലാക്കി വേണം ഫീൽഡിങിലും ബൗളിങിലും മാറ്റം കൊണ്ടുവരേണ്ടത്. ” വീരേന്ദർ സെവാഗ് കൂട്ടിച്ചേർത്തു.

( Picture Source : IPL / BCCI )

” അതുകൊണ്ട് റിഷഭ് പന്തിന് ഒരു മികച്ച ക്യാപ്റ്റനാകണമെങ്കിൽ ഇത്തരം ചെറിയ കാര്യങ്ങൾ പോലും മനസ്സിൽ വെക്കണം. ബുദ്ധിപരമായി കളിച്ചാൽ മാത്രമേ മികച്ച ക്യാപ്റ്റനാകാൻ സാധിക്കൂ. ” സെവാഗ് കൂട്ടിച്ചേർത്തു.

( Picture Source : IPL / BCCI )