Skip to content

അവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു, തകർപ്പൻ പ്രകടനത്തിന് കാരണം വെളിപ്പെടുത്തി മൊഹമ്മദ് സിറാജ്

ഐ പി എൽ പതിനാലാം സീസണിൽ തകർപ്പൻ പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ താരം മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 6 മത്സരങ്ങളിൽ നിന്നും 6 വിക്കറ്റ് നേടിയ സിറാജാണ് ഈ സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ ഡോട്ട് ബോളുകൾ എറിഞ്ഞിട്ടുള്ള താരം. 67 ഡോട്ട് ബോളുകൾ 6 മത്സരത്തിൽ മൊഹമ്മദ് സിറാജ് എറിഞ്ഞുകഴിഞ്ഞു. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലും തകർപ്പൻ പ്രകടനമായിരുന്നു സിറാജ് കാഴ്ച്ചവെച്ചത്. അവസാന ഓവറിൽ 14 റൺസ് വേണമെന്നിരിക്കെ പന്തെറിയാനെത്തിയ സിറാജ് 12 റൺസ് മാത്രം വഴങ്ങി ടീമിനെ ഒരു റണ്ണിന്റെ വിജയം നേടികൊടുത്തിരുന്നു. മത്സരശേഷം തന്റെ തകർപ്പൻ പ്രകടനത്തിന് പിന്നിലെ കാരണവും സിറാജ് വെളിപ്പെടുത്തി.

( Picture Source : IPL / BCCI )

മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയ്ക്ക് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 170 റൺസ് നേടാനെ സാധിച്ചുള്ളു. ഡൽഹിയ്ക്ക് വേണ്ടി റിഷഭ് പന്ത്‌ 58 റൺസും ഷിംറോൺ ഹെറ്റ്മയർ 25 പന്തിൽ 53 റൺസും നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 42 പന്തിൽ 75 റൺസ് നേടിയ ഡിവില്ലിയേഴ്സിന്റെ മികവിലാണ് മികച്ച സ്കോർ നേടിയത്.

( Picture Source : IPL / BCCI )

” തീർച്ചയായും എന്റെ ആത്മവിശ്വാസം വളരെ കൂടുതലാണ്. ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചതിനാൽ എന്റെ ലൈനും ലെങ്തും മെച്ചപ്പെട്ടു. ഇപ്പോൾ ന്യൂ ബോളിൽ ടെസ്റ്റ് മത്സരങ്ങളിലെ ലൈനിലും ലെങ്തിനുമാണ് ഞാൻ പന്തെറിയുന്നത്. ഇതെനിക്ക് ആത്മവിശ്വാസം നൽകുന്നു. ഈ കഴിവ് എനിക്ക് മുൻപുണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ എക്സ്പീരിയൻസ് ലഭിച്ചത് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചതിനാലാണ്. ഇഷാന്ത് ശർമ്മയിൽ നിന്നും ജസ്പ്രീത് ബുംറയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. അവർക്കൊപ്പം ഡ്രസിങ് റൂം ഷെയർ ചെയ്‌ത് എന്റെ ആത്മവിശ്വാസവും വർധിപ്പിച്ചു. ” മൊഹമ്മദ് സിറാജ് പറഞ്ഞു.

( Picture Source : IPL / BCCI )

” എനിക്ക്‌ നന്നായി യോർക്കർ എറിയാൻ സാധിക്കുന്നുണ്ട്, അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങളിൽ എന്നെ കൊണ്ട് നന്നായി ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളെ ഞാൻ കൂടുതലായി പിന്തുണയ്ക്കുന്നു. എന്റെ യോർക്കറുകളിൽ എനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ അത് ശരിയായി എറിയാനാണ് ഞാൻ കൂടുതൽ ശ്രദ്ധനൽകുന്നത്. അവസാന ഓവറിൽ 14 റൺസ് പ്രതിരോധിച്ച് വിജയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. എന്റെ യോർക്കറുകൾ ശരിയായി എറിയാൻ മാത്രമാണ് ഞാൻ ശ്രദ്ധിച്ചത്. ക്രീസിൽ പന്തും ഹെറ്റ്മയറും ഉണ്ടായിരുന്നു. ഞാൻ നന്നായി ബൗൾ ചെയ്ത ശേഷവും അവർ മികച്ച ഷോട്ട് കളിച്ചാലും എനിക്ക് നിരാശയുണ്ടാകില്ല. കാരണം പദ്ധതികൾ നടപ്പിലാക്കുക മാത്രമാണ് എന്റെ ലക്ഷ്യം. ” സിറാജ് കൂട്ടിച്ചേർത്തു.

( Picture Source : IPL / BCCI )

സീസണിലെ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിന്റെ അഞ്ചാം വിജയമാണിത്. വിജയത്തോടെ പോയിന്റ് ടേബിളിൽ ചെന്നൈ സൂപ്പർ കിങ്സിനെ പിന്നിലാക്കി ആർ സി ബി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഏപ്രിൽ 30 ന് പഞ്ചാബ് കിങ്സിനെതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം.

( Picture Source : IPL / BCCI )