Skip to content

ബാംഗ്ലൂരിനെതിരായ തകർപ്പൻ പ്രകടനം, ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ചെന്നൈ സൂപ്പർ കിങ്‌സ് താരമായി രവീന്ദ്ര ജഡേജ

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ തകർപ്പൻ പ്രകടനത്തോടെ ഐ പി എൽ ചരിത്രത്തിൽ മറ്റൊരു ചെന്നൈ സൂപ്പർ കിങ്‌സ് താരത്തിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി രവീന്ദ്ര ജഡേജ. ജഡേജയുടെ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനത്തിന്റെ മികവിലാണ് മത്സരത്തിൽ 69 റൺസിന്റെ വിജയം ചെന്നൈ സൂപ്പർ കിങ്സ് നേടിയത്.

( Picture Source : IPL / BCCI )

മത്സരത്തിൽ 62 റൺസ് നേടിയ ജഡേജയുടെയും 50 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസിന്റെയും മികവിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 192 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആർ സി ബിയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 122 റൺസ് നേടാനെ സാധിച്ചുള്ളു. മത്സരത്തിലെ വിജയത്തോടെ പോയിന്റ് ടേബിളിൽ ആർ സി ബിയെ പിന്നിലാക്കി ചെന്നൈ സൂപ്പർ കിങ്സ് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. സീസണിലെ ചെന്നൈയുടെ തുടർച്ചയായ നാലാം വിജയം കൂടിയാണിത്‌.

( Picture Source : IPL / BCCI )

മത്സരത്തിൽ 28 പന്തിൽ പുറത്താകാതെ 62 റൺസ് നേടിയ രവീന്ദ്ര ജഡേജ നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടിയിരുന്നു. ഐ പി എല്ലിൽ ഒരേ മത്സരത്തിൽ ഫിഫ്റ്റിയും മൂന്ന് വിക്കറ്റും നേടുന്ന ആദ്യ ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേയറെന്ന റെക്കോർഡ് രവീന്ദ്ര ജഡേജ സ്വന്തമാക്കി. ആർ സി ബിയ്ക്കെതിരെ ഒരു മത്സരത്തിൽ മൂന്ന് വിക്കറ്റും ഫിഫ്റ്റിയും നേടുന്ന മൂന്നാമത്തെ താരമാണ് ജഡേജ. ഇതിനുമുൻപ് 2008 ൽ യുവരാജ് സിങും 2018 ൽ ഹാർദിക് പാണ്ഡ്യയും ആർ സി ബി യ്ക്കെതിരെ ഒരു മത്സരത്തിൽ മൂന്ന് വിക്കറ്റും ഫിഫ്റ്റിയും നേടിയിരുന്നു.

( Picture Source : IPL / BCCI )

മത്സരത്തിലെ അവസാന ഓവറിൽ ഹർഷാൽ പട്ടേലിനെതിരെ 36 റൺസാണ് ജഡേജ അടിച്ചുകൂട്ടിയത്. ( ഒരു നോ ബോൾ ), ഇതോടെ ഐ പി എല്ലിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡിൽ ക്രിസ് ഗെയ്ലിനൊപ്പം രവീന്ദ്ര ജാഡയെത്തി.

( Picture Source : IPL / BCCI )

ഹർഷാൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ 5 സിക്സും ഒരു ഫോറും ജഡേജ നേടിയിരുന്നു. ഇതോടെ ഐ പി എല്ലിൽ ഒരോവറിൽ 5 സിക്സ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോർഡും ജഡേജ സ്വന്തമാക്കി. ഇതിനുമുൻപ് ക്രിസ് ഗെയ്ലും രാജസ്ഥാൻ റോയൽസ് താരം രാഹുൽ തിവാട്ടിയയും ഒരോവറിൽ 5 സിക്സ് നേടിയിട്ടുണ്ട്‌.

( Picture Source : IPL / BCCI )