Skip to content

‘സഞ്ജു സാംസനെ ക്യാപ്റ്റനാക്കിയത്തിൽ സഹതാരങ്ങൾ അസംതൃപ്‌തരാണെന്ന് തോന്നുന്നു ‘ : കാരണങ്ങൾ ചൂണ്ടിക്കാട്ടി സെവാഗ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14ആം സീസണിൽ തുടർച്ചയായ 2 പരാജയങ്ങൾക്ക് ശേഷം വിജയ വഴിയിലേക്ക് നീങ്ങിയിരിക്കുകയാണ് മലയാളി താരം നയിക്കുന്ന രാജസ്ഥാൻ റോയൽസ്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ വിജയിച്ചതോടെ പോയിന്റ് ടേബിളിൽ അവസാനത്ത് ഉണ്ടായിരുന്ന രാജസ്ഥാൻ  ആറാം സ്ഥാനത്തെത്തി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 6 വിക്കറ്റ് വിജയമാണ് രാജസ്ഥാൻ നേടിയത്.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയെ 133 റണ്‍സിന് പിടിച്ചുകെട്ടിയ ശേഷം 18.5 ഓവറില്‍ 4 നഷ്ടത്തിലാണ് രാജസ്ഥാന്റെ വിജയം. സഞ്ജു സാംസണ്‍ തന്റെ വെടിക്കെട്ട് ശൈലിയ്ക്ക് കടിഞ്ഞാണിട്ട് റിസ്ക് എടുക്കാതെ ക്രീസില്‍ നിലയുറപ്പിച്ചാണ് രാജസ്ഥാന്റെ വിജയം ഉറപ്പാക്കിയത്. സഞ്ജുവിന് പിന്തുണയുമായി ഡേവിഡ് മില്ലര്‍, ശിവം ഡുബേ, യശസ്വി ജൈസ്വാല്‍ എന്നിവരാണ് നിര്‍ണ്ണായക സംഭാവന നല്‍കിയത്.

എന്നാൽ വിജയം നേടി തിരിച്ചുവരവ് നടത്തിയിട്ടും രാജസ്ഥാൻ ടീമിൽ ചില പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതായി ചൂണ്ടിക്കാണിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. സഞ്ജു സാംസന്റെ ക്യാപ്റ്റൻസി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സെവാഗ് വിശകലനം ചെയ്തത്, അക്കാര്യത്തിൽ ഉടനെ പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.

” മത്സരത്തിനിടെ ക്യാപ്റ്റന്റെ ശരീരഭാഷ വളരെ പ്രധാനപ്പെട്ടതാണ്. അക്കാര്യത്തിൽ സഞ്ജു അൽപം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സഞ്ജുവിന്റെ ശരീരഭാഷ കണ്ടാൽ  അവനെ ക്യാപ്റ്റനാക്കിയതിൽ സഹതാരങ്ങൾക്ക് അതൃപ്തിയുണ്ടോയെന്ന് എന്ന് തോന്നും . താരങ്ങളുമായി ക്യാപ്റ്റനെന്ന നിലയിലുള്ള സഞ്ജുവിന്റെ ഇടപെടൽ ഫലപ്രദമല്ല. വിദേശ താരങ്ങളും വിഘടിച്ചു നിൽക്കുന്നുവെന്ന തോന്നലാണ് രാജസ്ഥാന്റെ കളി കാണുമ്പോൾ ഉണ്ടാകുന്നത് ” സേവാഗ് പറഞ്ഞു.

” ടീമെന്ന നിലയിൽ രാജസ്ഥാൻ താരങ്ങളുടെ ശരീരഭാഷ പരിശോധിച്ചാൽ, സഞ്ജുവിനെ ക്യാപ്റ്റനാക്കിയതിൽ അവരാരും തൃപ്തരല്ലെന്ന് നമുക്കു തോന്നിപ്പോകും. ടീമിനുള്ളിൽ പൊതുവെ സ്വന്തം കാര്യം നോക്കി ഒതുങ്ങിക്കഴിയുന്ന ഒരാളെ പെട്ടെന്ന് ഒരു നാൾ ക്യാപ്റ്റനാക്കിയാൽ, അതുമായി പൊരുത്തപ്പെടാൻ സഹതാരങ്ങൾക്ക് കൂടുതൽ സമയം വേണ്ടിവരും. ക്യാപ്റ്റനെന്ന നിലയിൽ ടീമംഗങ്ങളുമായി ഇടപഴകാനും നിർദ്ദേശങ്ങൾ നൽകാനും ആ താരത്തിനും സമയം ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളാണ് രാജസ്ഥാൻ റോയൽസിൽ സഞ്ജു നേരിടുന്നത് ” സേവാഗ് അഭിപ്രായപ്പെട്ടു.

ക്യാപ്റ്റനെന്ന നിലയിൽ ടീമിനെ കൂടുതൽ ഒത്തൊരുമയോടെ കൊണ്ടുപോകാൻ സഞ്ജു ചെയ്യേണ്ടതെന്തെന്നും സേവാഗ് വെളിപ്പെടുത്തി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ച ശേഷവും ടീമെന്ന നിലയിലുള്ള ഒത്തിണക്കം രാജസ്ഥാൻ താരങ്ങളിൽ കാണാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സേവാഗ് നിലപാട് വിശദീകരിച്ചത്.

” ഒരു ബൗളർ മത്സരത്തിനിടെ അമിതമായി റൺസ് വഴങ്ങിയാൽ, അതിനോട് ക്യാപ്റ്റൻ എങ്ങനെയാണ് പ്രതികരിക്കുന്നതെന്നത് പ്രധാനമാണ്. റിഷഭ് പന്ത് അക്കാര്യത്തിൽ ചെയ്തത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഡൽഹിയുടെ  ഒരു മത്സരത്തിനിടെ ബൗളർ കൂടുതൽ റൺസ് വിട്ടുനൽകിയപ്പോൾ  അടുത്തെത്തി ക്യാപ്റ്റനായ റിഷഭ് പന്ത് തോളിൽ കയ്യിട്ട് സംസാരിക്കുകയായിരുന്നു. ‘ഇതൊന്നും പ്രശ്നമല്ല’ എന്നാണ് തന്റെ പ്രവർത്തിയിലൂടെ പന്ത് പറഞ്ഞത്. 40–50 റൺസ് വിട്ടുകൊടുക്കേണ്ടി വന്നാലും ആത്മവിശ്വാസം വിടാതെ ബോൾ ചെയ്യൂ എന്ന് പറഞ്ഞ് ആ ബോളർക്ക് ധൈര്യം പകരുകയായിരുന്നു പന്ത് ” സേവാഗ് ചൂണ്ടിക്കാട്ടി.

” ആ ബൗളർക്ക്  ക്യാപ്റ്റനിലുള്ള വിശ്വാസം നിലനിർത്താൻ ഇത്തരമൊരു സമീപനം  ഗുണം ചെയ്യും. സാഹചര്യം എന്തൊക്കെയായാലും സ്വന്തം ബൗളറിൽ  ക്യാപ്റ്റൻ ആത്മവിശ്വാസം കാട്ടിയേ തീരൂ. കൂടുതൽ റൺസ് വിട്ടുകൊടുത്താലും അങ്ങനെ തന്നെ വേണം. ബാറ്റിങ്ങിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന താരങ്ങളുടെ കാര്യത്തിലും സമാനമായ ഇടപെടൽ ആവശ്യമാണ് ” സേവാഗ് അഭിപ്രായപ്പെട്ടു.