Skip to content

ശുഭ്മാൻ ഗില്ലിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി വീരേന്ദർ സെവാഗ്

ഐ പി എൽ പതിനാലാം സീസണിൽ കെ കെ ആർ ഓപ്പണിങ് ബാറ്റ്‌സ്‌മാൻ ശുഭ്മാൻ ഗില്ലിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. സീസണിൽ 5 മത്സരങ്ങളിൽ നിന്നും 16.00 ശരാശരിയിൽ 80 റൺസ് നേടാൻ മാത്രമാണ് ഗില്ലിന് സാധിച്ചിട്ടുള്ളത്. ഗില്ലിന്റെ മോശം ഫോമിന് പിന്നിലെ കാരണം വ്യക്തമാക്കിയ സെവാഗ് താരത്തെ ശരിയായ രീതിയിൽ ഉപയോഗപെടുത്താനുള്ള മാർഗ്ഗവും നിർദ്ദേശിച്ചു.

( Picture Source : Bcci / IPL )

സീസണിൽ മോശം പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 10 റൺസിന് പരാജയപെടുത്തിയ കൊൽക്കത്തയ്ക്ക് പിന്നീടുള്ള നാല് മത്സരങ്ങളിലും വിജയിക്കാൻ സാധിച്ചില്ല. പോയിന്റ് ടേബിളിൽ നിലവിൽ അവസാന സ്ഥാനത്താണ് കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്.

( Picture Source : Bcci / IPL )

” നോക്കൂ അവൻ ഏകദിനവും ടെസ്റ്റ് ക്രിക്കറ്റിനും അനുയോജ്യനായ ബാറ്റ്‌സ്മാനായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ടി20യിൽ കൂട്ടുകെട്ടിൽ ഒരാൾ ബൗണ്ടറികൾ കണ്ടെത്തേണ്ടതുണ്ട്. മറ്റൊരാൾ ബൗണ്ടറികൾ നേടാതെ സുരക്ഷിതമായി കളിക്കുകയും വേണം. അതുകൊണ്ട് തന്നെ നിതീഷ് റാണയെ നാലാമനായി ഇറക്കി പവർപ്ലേ മുതലാക്കാൻ സാധിക്കുന്ന ബാറ്റ്‌സ്മാന്മാരായ ആന്ദ്രേ റസ്സലിനെയോ രാഹുൽ ത്രിപാഠിയെയോ കൊൽക്കത്ത ഗില്ലിനൊപ്പം ഓപ്പൺ ചെയ്യിപ്പിക്കണം. ആദ്യ 6 ഓവറുകളിൽ കളിച്ചുകഴിഞ്ഞാൽ മധ്യഓവറുകളിൽ അനായാസം ബൗണ്ടറികൾ നേടാൻ ഗില്ലിന് സാധിക്കും. ” വീരേന്ദർ സെവാഗ് പറഞ്ഞു.

( Picture Source : Bcci / IPL )

” കഴിഞ്ഞ സീസണിലെ ചുമതലയാണ് ഈ സീസണിലും അവന് നൽകേണ്ടത്. ഒരു വശത്ത് അവൻ നിലയുറപ്പിക്കുകയും മറുവശത്ത് സുനിൽ നരേയ്നും ആന്ദ്രേ റസ്സലും രാഹുൽ ത്രിപാഠിയും ബൗണ്ടറികൾ കണ്ടെത്തണം. അതിന് സാധിച്ചില്ലെങ്കിൽ പിന്നെയുള്ളത് ഒരേയൊരു പോംവഴിയാണ്, അവനെ പുറത്തിരുത്തി കെ കെ ആർ പകരക്കാരനെ കണ്ടെത്തണം. ” വീരേന്ദർ സെവാഗ് കൂട്ടിച്ചേർത്തു.

( Picture Source : Bcci / IPL )

” ടൂർണമെന്റ് ഇപ്പോൾ തന്നെ പരാജയപെട്ടതായി കൊൽക്കത്ത ചിന്തിക്കേണ്ടതുണ്ട്, ചില പുതിയ മാറ്റങ്ങൾ അവർക്ക് അനിവാര്യമാണ്. സുനിൽ നരെയ്നെയോ ആന്ദ്രേ റസ്സലിനെയോ ബാറ്റിങ് ഓർഡറിൽ അവർ പ്രൊമോട്ട് ചെയ്യണം. ഈ തന്ത്രങ്ങൾ മുൻപ് അവർക്ക് ഗുണകരമായിരുന്നു, അതിപ്പോഴും വിജയിക്കുമെന്നാണ് ഞാൻ കരുതുന്നത്. ” വീരേന്ദർ സെവാഗ് പറഞ്ഞു.