Skip to content

സീസണിലെ രണ്ടാം വിജയം നേടി രാജസ്ഥാൻ റോയൽസ്, കൊൽക്കത്തയ്ക്ക് തുടർച്ചയായ നാലാം പരാജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 6 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം വിജയം നേടി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ 134 റൺസിന്റെ 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ റോയൽസ് മറികടന്നു.

( Picture Source : Twitter / Bcci )

41 പന്തിൽ പുറത്താകാതെ 42 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസനാണ് രാജസ്ഥാൻ റോയൽസിന് അനായാസ വിജയം സമ്മാനിച്ചത്. ഡേവിഡ് മില്ലർ 23 പന്തിൽ പുറത്താകാതെ 24 റൺസ് നേടി. യശസ്വി ജയ്സ്വാൾ 17 പന്തിൽ 22 റൺസും ശിവം ദുബെ 18 പന്തിൽ 22 റൺസും നേടി പുറത്തായി.

( Picture Source : Twitter / Bcci )

കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി 2 വിക്കറ്റും ശിവം മാവി, പ്രസീദ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 133 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. 26 പന്തിൽ 36 റൺസ് നേടിയ രാഹുൽ തൃപാതിയും 24 പന്തിൽ 25 റൺസ് നേടിയ ദിനേശ് കാർത്തിക്കും മാത്രമാണ് കൊൽക്കത്തയ്ക്ക് വേണ്ടി അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ആന്ദ്രേ റസ്സൽ 7 പന്തിൽ 9 റൺ നേടി പുറത്തായി.

( Picture Source : Twitter / Bcci )

നാലോവറിൽ 23 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് മോറിസാണ് കൊൽക്കത്തയെ തകർത്തത്. ജയദേവ് ഉണാഡ്കട്, ചേതൻ സക്കറിയ, മുസ്താഫിസുർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

( Picture Source : Twitter / Bcci )

വിജയത്തോടെ രാജസ്ഥാൻ റോയൽസ് പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തെത്തിയപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അവസാന സ്ഥാനത്തേക്ക് പിന്തളളപെട്ടു. ഏപ്രിൽ 26 ന് പഞ്ചാബ് കിങ്സിനെതിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരം. ഏപ്രിൽ 29 ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം.

( Picture Source : Twitter / Bcci )