Skip to content

ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐ പി എല്ലിൽ മറ്റൊരു ബാറ്റ്‌സ്മാനും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ബാറ്റിങിനിറങ്ങിയതോടെയാണ് ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ബാറ്റ്‌സ്മാനായി രോഹിത് ശർമ്മ മാറിയത്. മത്സരത്തിൽ ഫിഫ്റ്റി നേടി മികച്ച പ്രകടനം രോഹിത് ശർമ്മ കാഴ്ച്ചവെച്ചുവെങ്കിലും മത്സരത്തിൽ വിജയിക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചില്ല.

( Picture Source : Twitter / Bcci )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് 52 പന്തിൽ 63 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും 33 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെയും മികവിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 131 റൺസ് നേടാനെ സാധിച്ചുള്ളു. മറുപടി ബാറ്റിങിൽ 52 പന്തിൽ 3 ഫോറും 3 സിക്സുമടക്കം 60 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലിന്റെയും 35 പന്തിൽ 5 ഫോറും 2 സിക്സുമടക്കം 43 റൺസ് ക്രിസ് ഗെയ്ലിന്റെയും മികവിൽ 132 റൺസിന്റെ വിജയലക്ഷ്യം 17.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ പഞ്ചാബ് കിങ്‌സ് മറികടന്നു. 20 പന്തിൽ 25 റൺസ് നേടിയ മായങ്ക് അഗർവാളിന്റെ വിക്കറ്റ് മാത്രമാണ് പഞ്ചാബിന് നഷ്ട്ടമായത്.

( Picture Source : Twitter / Bcci )

മത്സരത്തോടെ ഐ പി എല്ലിൽ 200 ഇന്നിങ്സുകൾ ബാറ്റ് ചെയ്യുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ സ്വന്തമാക്കി. ഐ പി എല്ലിൽ ഇതുവരെ 205 മത്സരങ്ങൾ കളിച്ചിട്ടുള്ള രോഹിത് ശർമ്മ 5 മത്സരങ്ങളിൽ മാത്രമാണ് ബാറ്റ് ചെയ്യാതിരുന്നിട്ടുള്ളത്. 200 ഇന്നിങ്സിൽ നിന്നും 31.57 ശരാശരിയിൽ 5431 റൺസ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്‌.

( Picture Source : Twitter / Bcci )

ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌ന ( 192 ഇന്നിങ്‌സ് ), ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി (188 ഇന്നിങ്‌സ്), എം എസ് ധോണി (185 ഇന്നിങ്‌സ് ), റോബിൻ ഉത്തപ്പ (182 ഇന്നിങ്സ്‌) എന്നിവരാണ് ഈ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്ക് പുറകിലുള്ളത്.

( Picture Source : Twitter / Bcci )

മത്സരത്തിലെ അർധസെഞ്ചുറിയോടെ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ശിഖാർ ധവാനെ പിന്നിലാക്കി രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തെത്തി. മത്സരത്തിലെ ഫിഫ്റ്റിയടക്കം 200 ഇന്നിങ്സിൽ നിന്നും 5431 റൺസ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്‌. 5448 റൺസ് നേടിയ സുരേഷ് റെയ്‌ന, 6021 റൺസ് നേടിയിട്ടുള്ള വിരാട് കോഹ്ലി എന്നിവരാണ് ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ രോഹിത് ശർമ്മയ്ക്ക് മുൻപിലുള്ളത്.

( Picture Source : Twitter / Bcci )