Skip to content

തനിക്ക് പകരം മൂന്നാമനായി ഇഷാൻ കിഷൻ ഇറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ തനിക്ക് പകരം ഇഷാൻ കിഷൻ മൂന്നാം നമ്പർ ബാറ്റ്‌സ്മാനായി ഇറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ്. മുംബൈ 9 വിക്കറ്റിന് പരാജയപെട്ട മത്സരത്തിൽ മൂന്നാമനായി എത്തിയ ഇഷാൻ കിഷൻ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. 17 പന്തിൽ 6 റൺസ് മാത്രമാണ് മത്സരത്തിൽ ഇഷാൻ കിഷന് നേടാനായത്. ഇതിനുപുറകെ മുൻ താരങ്ങളും ആരാധകരും ഈ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

( Picture Source : Twitter / Bcci )

മൂന്നാമനായി മികച്ച പ്രകടനമാണ് സൂര്യകുമാർ യാദവ് ഈ സീസണിലും കാഴ്ച്ചവെച്ചത്. നാല് മത്സരങ്ങളിൽ നിന്നും ഒരു അർധസെഞ്ചുറിയടക്കം 121 റൺസ് സൂര്യകുമാർ യാദവ് മൂന്നാം നമ്പറിൽ നേടിയിരുന്നു. പഞ്ചാബിനെതിരായ മത്സരത്തിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചിരുന്നു. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ 27 പന്തിൽ 3 ഫോറും ഒരു സിക്സുമടക്കം 33 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് പുറത്തായത്. സൂര്യകുമാർ യാദവിനൊപ്പം 52 പന്തിൽ 63 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ മാത്രമാണ് മത്സരത്തിൽ മുംബൈയ്ക്ക് വേണ്ടി തിളങ്ങിയത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 132 റൺസിന്റെ വിജയലക്ഷ്യം 60 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലിന്റെയും 35 പന്തിൽ 43 റൺസ് നേടിയ ക്രിസ് ഗെയ്ലിന്റെയും മികവിൽ 17.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിലാണ് പഞ്ചാബ് കിങ്‌സ് മറികടന്നത്.

( Picture Source : Twitter / Bcci )

” ഇഷാൻ കിഷന്റെ പ്രൊമോഷൻ പൂർണ്ണമായും മാനേജ്‌മെന്റിന്റെ തീരുമാനമായിരുന്നു. ഇടം കയ്യൻ ബാറ്റ്സ്മാനെ പുറത്തായാൽ മറ്റൊരു ഇടം കയ്യൻ ക്രീസിലെത്തണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരേതരത്തിലുള്ള ചുമതലയാണ് ഞാനും അവനും നിർവഹിക്കുന്നത്. അതുകൊണ്ട് തന്നെ ആ തീരുമാനത്തിൽ എനിക്ക് ഒരു എതിർപ്പുമില്ല. ഞങ്ങൾക്ക് ഞങ്ങളുടെ പദ്ധതികളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. എന്താണോ മറ്റുള്ളവർ തീരുമാനിക്കുന്നത് അത് ഒരേ രീതിയിൽ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ” സൂര്യകുമാർ യാദവ് പറഞ്ഞു.

( Picture Source : Twitter / Bcci )

” ടീമിന്റെ പ്രകടനത്തെ കുറിച്ച് ചോദിച്ചാൽ അതെല്ലാം ഞങ്ങളുടെ ആത്മവിശ്വാസത്തെ ആശ്രയിച്ചായിരിക്കും. എല്ലാവരും നെറ്റ്സിൽ നന്നായി തന്നെ ബാറ്റ് ചെയ്യുന്നുണ്ട്. എല്ലാവരും മനസിൽ പോസിറ്റീവുമാണ്. ഒരേയൊരു മത്സരത്തോടെ ഇതെല്ലാം മാറിമറിയാം. ചെന്നൈയിൽ എന്തുസംഭവിച്ചുവെന്നതിനെ കുറിച്ച് ഇനി ഞങ്ങൾ സംസാരിക്കേണ്ടതില്ല. ഡൽഹിയിൽ എത്തുമ്പോൾ കാര്യങ്ങളെല്ലാം വ്യത്യസ്തമാകും. മറ്റൊരു മുംബൈ ഇന്ത്യൻസിനെയായിരിക്കും ഡൽഹിയിൽ നിങ്ങൾക്ക് കാണാൻ സാധിക്കുക. ” സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

ചെന്നൈയിൽ കളിച്ച 5 മത്സരങ്ങളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയും സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയും വിജയിക്കാൻ മാത്രമാണ് മുംബൈ ഇന്ത്യൻസിന് സാധിച്ചത്. അഞ്ചിൽ 2 വിജയത്തോടെ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്. ഏപ്രിൽ 29 ന് ഡൽഹിയിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം.

( Picture Source : Twitter / Bcci )