Skip to content

2013ൽ ഗെയ്‌ലും ദിൽഷനും ചേർന്ന് കുറിച്ച റെക്കോർഡ് 8 വർഷത്തിന് ശേഷം തിരുത്തിയെഴുതി കോഹ്ലി – പടിക്കൽ സഖ്യം

സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി സീസണിലെ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. സീസണിലെ തന്റെ ആദ്യ സെഞ്ചുറിയിലേക്ക് ദേവ്ദത്ത് ബാറ്റ് വീശുകയും നായകന്‍ പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തതോടെ ബാംഗ്ലൂരിന് 10 വിക്കറ്റ് ജയം.

രാജസ്ഥാന്‍ ഉയര്‍ത്തിയ 178 റണ്‍സ് വിജയ ലക്ഷ്യം 21 പന്തുകള്‍ ശേഷിക്കെ, വിക്കറ്റ് നഷ്ടമില്ലാതെ ബാംഗ്ലൂർ മറികടന്നു. തുടക്കം രാജസ്ഥാൻ ബൗളർമാരെ ആക്രമിച്ച് കളിച്ച പടിക്കൽ  52 പന്തില്‍ നിന്ന് 11 ഫോറും ആറ് സിക്‌സും പറത്തിയാണ്  101 റണ്‍സ് നേടിയത്.

മറുവശത്ത് തുടക്കത്തിൽ പതുക്കെ നീങ്ങിയ കോഹ്ലി ഒടുവിൽ വേഗത കൂട്ടുകയായിരുന്നു.
വിരാട് കോഹ്ലി 47 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സും പറത്തി 72 റണ്‍സ് നേടി. അവസാന 22 പന്തിൽ 46 റൺസാണ് അടിച്ചെടുത്തത്. ഇതോടെ സീസണില്‍ തോല്‍വി അറിയാതെയുള്ള കുതിപ്പ് തുടരുകയാണ് റോയല്‍ ചലഞ്ചേഴ്‌സ്. കളിച്ച നാലിലും ജയം പിടിച്ച്‌ 8 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഇവര്‍.

ഓപ്പണിങ് കൂട്ടുകെട്ടിൽ 181 റൺസ് നേടിയതോടെ ബാംഗ്ലൂരിനായി പുതുചരിത്രം രചിച്ചിരിക്കുകയാണ് കോഹ്ലിയും പടിക്കലും. ആർസിബിയുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. 2013 ഗെയ്‌ലും ദിൽഷനും ചേർന്ന് ആദ്യ വിക്കറ്റിൽ പുനെ വാരിയേഴ്‌സിനെതിരെ  നേടിയ 167 റൺസ് 8 വർഷത്തിന് ശേഷം കോഹ്‌ലിയും – പടിക്കലും ഒന്നിച്ച് മറികടന്നത്. ലിസ്റ്റിൽ മൂന്നാമത് കോഹ്ലിയും ഗെയ്‌ലും 2016ൽ പഞ്ചാബിനെതിരെ നേടിയ 147 റൺസാണ്.

അതേസമയം ഒരു വിക്കറ്റും നഷ്ട്ടപ്പെടാതെ ചെയ്‌സ് ചെയ്ത ഏറ്റവും ഉയർന്ന സ്കോറിൽ  ഈ ഇന്നിംഗ്സ് മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചു. 2017ൽ ലിന്നും ഗംഭീറും ചേർന്ന് ഗുജറാത്തിനെതിരെ ചെയ്‌സ് ചെയ്ത 184 റൺസാണ് ലിസ്റ്റിൽ ഒന്നാമത്. രണ്ടാമത് ചെന്നൈ താരങ്ങളായ വാട്സനും ഡുപ്ലെസിസും കഴിഞ്ഞ സീസണിൽ  പഞ്ചാബിനെതിരെ ചെയ്‌സ് ചെയ്ത 179 റൺസാണ്.