Skip to content

ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുള്ള എല്ലാ കഴിവും അവനുണ്ട്, ദേവ്ദത് പടിക്കലിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ആർ സി ബി ഓപ്പണർ ദേവ്ദത് പടിക്കലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മത്സരത്തിൽ സെഞ്ചുറി നേടിയ ദേവ്ദത് പടിക്കലിന്റെയും അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും മികവിൽ 10 വിക്കറ്റിന്റെ തകർപ്പൻ വിജയം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നേടിയിരുന്നു.

( Picture Source : Twitter / Bcci )

മത്സരത്തിൽ 52 പന്തിൽ പുറത്താകാതെ 11 ഫോറും 6 സിക്സുമടക്കം 101 റൺസ് ദേവ്ദത് പടിക്കൽ നേടിയിരുന്നു. ഐ പി എല്ലിലെ താരത്തിന്റെ ആദ്യ സെഞ്ചുറി കൂടിയാണിത്. കൂടാതെ ഐ പി എല്ലിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന നേട്ടവും ദേവ്ദത് പടിക്കൽ സ്വന്തമാക്കിയിരുന്നു. സെഞ്ചുറി നേടിയ ദേവ്ദത് പടിക്കലിനൊപ്പം 47 പന്തിൽ 72 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും മികവിലാണ് 178 റൺസിന്റെ വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ട്ടപെടാതെ 16.3 ഓവറിൽ ആർ സി ബി മറികടന്നത്.

( Picture Source : Twitter / Bcci )

” നോക്കൂ, അവൻ കോവിഡ് ബാധിതനും കൂടിയായിരുന്നു. കോവിഡിൽ നിന്നും മുക്തനായി ഉടനെ തന്നെ ഐ പി എൽ പോലൊരു ടൂർണമെന്റിലെത്തുകയെന്നത് വളരെ പ്രയാസമാണ്. ഐ പി എൽ ലോകോത്തര ടൂർണമെന്റാണ് നിങ്ങൾ നേരിടുന്നത് ലോകോത്തര ബൗളർമാരെയാണ്. കൂടാതെ ആർ സി ബി കളിച്ചിരുന്നത് പ്രയാസമേറിയ വിക്കറ്റിലാണ്. മൂന്ന് മത്സരങ്ങളും അവർ ചെന്നൈയിലാണ് കളിച്ചത്. ചെന്നൈ ബാറ്റ്‌സ്മാന്മാർക്ക് അനുകൂലമായ പിച്ചല്ല, നിങ്ങൾ മുൻനിര ബാറ്റ്‌സ്മാനായാലും അവിടെ ബുദ്ധിമുട്ടും. ” ഗൗതം ഗംഭീർ പറഞ്ഞു.

( Picture Source : Twitter / Bcci )

” മത്സരത്തിലെ സാഹചര്യങ്ങൾ ഏല്ലാവർക്കും ഒരുപോലെയായിരുന്നു. സഞ്ജു സാംസണും മറ്റു രാജസ്ഥാൻ റോയൽസ് ബാറ്റ്‌സ്മാന്മാരും ഇതേ സാഹചര്യത്തിലാണ് കളിച്ചത്. വിരാട് കോഹ്ലിയും അങ്ങനെതന്നെ, എന്നാൽ പടിക്കൽ ബാറ്റ് ചെയ്തതുനോക്കൂ. ബൗളർമാർക്ക് മേൽ പൂർണ്ണമായും ആധിപത്യം നേടിയാണ് അവൻ കഴിവ് തെളിയിച്ചത്. അവൻ ഇനിയുമേറെ മെച്ചപെടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ” ഗംഭീർ പറഞ്ഞു.

( Picture Source : Twitter / Bcci )

” തീർച്ചയായും ഇത്തരത്തിലുള്ള ഒന്നോ രണ്ടോ പ്രകടനങ്ങളിൽ മാത്രം അവൻ തൃപ്തനാവില്ല, കാരണം അവൻ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്, അവൻ ഒരുപാട് റൺസ് നേടുന്നു, കരിയറിൽ മുൻപോട്ട് പോകുന്തോറും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ അവന് സാധിക്കും, ഉറപ്പായും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ അവന് സാധിക്കും. മികവുറ്റ ക്രിക്കറ്ററാകാൻ പോന്ന എല്ലാ കഴിവും അവനുണ്ട്. ” ഗംഭീർ കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )