Skip to content

ഇന്ത്യൻ ടീമിൽ അവൻ സ്ഥാനമുറപ്പിക്കാത്തത് ഇതുകൊണ്ടാണ്, സഞ്ജുവിനെ വിമർശിച്ച് സുനിൽ ഗാവസ്‌കർ

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ പരാജയത്തിന് പുറകെ രാജസ്ഥാൻ റോയൽ ലസ് ക്യാപ്റ്റൻ സഞ്ജു സാംസണെ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്‌കർ. ക്യാപ്റ്റനെന്ന നിലയിൽ സഞ്ജുവാണ് മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനെ നായിക്കണ്ടതെന്ന് പറഞ്ഞ സുനിൽ ഗാവസ്‌കർ സഞ്ജുവിന്റെ ബാറ്റിങ് ശൈലിയിലെ പോരായ്മയും ചൂണ്ടിക്കാട്ടി.

( Picture Source : Twitter / Bcci )

മത്സരത്തിൽ 10 വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് പരാജയപെട്ടത്. റോയൽസ് ഉയർത്തിയ 178 റൺസിന്റെ വിജയലക്ഷ്യം 16.3 ഓവറിൽ വിക്കറ്റൊന്നും നഷ്ട്ടപെടാതെ ആർ സി ബി മറികടന്നു. 52 പന്തിൽ 101 റൺസ് നേടിയ ദേവ്ദത് പടിക്കലിന്റെയും 47 പന്തിൽ 72 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും മികവിലാണ് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം ബാംഗ്ലൂർ നേടിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 46 റൺസ് നേടിയ ശിവം ദുബെയുടെയും 40 റൺസ് നേടിയ രാഹുൽ തിവാട്ടിയയുടെയും മികവിലാണ് തുടക്കത്തിലേ തകർച്ചയ്ക്ക് ശേഷം നിശ്ചിത 20 ഓവറിൽ 177 റൺസ് നേടിയത്. 18 പന്തിൽ 2 ഫോറും 1 സിക്സുമടക്കം 21 റൺസ് നേടിയാണ് സഞ്ജു പുറത്തായത്. ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ സഞ്ജുവിന് പിന്നീടുള്ള മത്സരങ്ങളിൽ ഫോമിലെത്താൻ സാധിച്ചിട്ടില്ല. ഡൽഹിയ്ക്കെതിരായ മത്സരത്തിൽ 4 റൺ മാത്രം നേടിയ സഞ്ജുവിന് ചെന്നൈയ്ക്കെതിരായ മത്സരത്തിൽ ഒരു റൺ മാത്രമാണ് നേടിയത്.

( Picture Source : Twitter / Bcci )

” ഒന്നാമതായി ക്യാപ്റ്റൻ ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ആദ്യ മത്സരത്തിൽ അവനതിന് സാധിച്ചു, എന്നാൽ അവന്റെ പ്രശ്നവും ഇതുതന്നെയാണ്. ഒരു മത്സരത്തിൽ റൺസ് നേടിയാൽ അതേ രീതിയിലാണ് പിന്നീടുള്ള മത്സരങ്ങളെ അവൻ സമീപിക്കുന്നതും റൺസ് നേടാൻ ശ്രമിക്കുന്നതും അതുകൊണ്ടാണ് അവൻ ചെറിയ സ്കോറിന് പുറത്താകുന്നതും ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ സാധിക്കാതെ പോകുന്നതും. ” സുനിൽ ഗാവസ്‌കർ പറഞ്ഞു.

( Picture Source : Twitter / Bcci )

” ക്യാപ്റ്റനാണ് മികച്ച പ്രകടനം പുറത്തെടുത്ത് ടീമിന് മാതൃകയാകേണ്ടത്. ഈ ടീമിലെ മികച്ച താരം അവനാണ്, മില്ലറിനെയും മോറിസിനെയും പോലെ ആദ്യ പന്ത്‌ മുതൽ റൺസ് കണ്ടെത്താൻ സാധിക്കുന്ന ബാറ്റ്സ്മാന്മാർ അവർക്കുണ്ട്. എന്നാൽ ടോപ്പ് ഓർഡർ രാജസ്ഥാൻ ശരിയാക്കേണ്ടതുണ്ട്. കാരണം മധ്യനിരയിൽ അവർക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. മികച്ച ഫിനിഷർമാർ അവർക്കില്ല, അതുകൊണ്ട് തന്നെ ടോപ്പ് ഓർഡറിൽ ക്യാപ്റ്റൻ ഒരുപാട് റൺസ് നേടേണ്ടതുണ്ട്. ” സുനിൽ ഗാവസ്‌കർ കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

സീസണിൽ നാല് മത്സരങ്ങളിൽ ഒന്നിൽ വിജയിക്കാൻ മാത്രമേ രാജസ്ഥാൻ റോയൽസിന് സാധിച്ചിട്ടുള്ളൂ. ബാംഗ്ലൂരിനെതിരായ വമ്പൻ തോൽവിയോടെ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തേക്ക് രാജസ്ഥാൻ റോയൽസ് പിന്തള്ളപെട്ടിരുന്നു. ഏപ്രിൽ 24 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം.

( Picture Source : Twitter / Bcci )