Skip to content

സെഞ്ചുറിയേക്കാൾ വലുത് ടീമിന്റെ വിജയം !! കോഹ്ലിയോട് തന്റെ സെഞ്ചുറിയെ കുറിച്ച് ചിന്തിക്കേണ്ടയെന്ന് പറഞ്ഞതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ദേവ്ദത് പടിക്കൽ

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ സെഞ്ചുറിയെ കുറിച്ച് താൻ ആലോചിച്ചിരുന്നില്ലെന്ന് ആർ സി ബി ഓപ്പണർ ദേവ്ദത് പടിക്കൽ. മത്സരത്തിൽ സെഞ്ചുറി നേടിയ ദേവ്ദത് പടിക്കലിന്റെയും അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും മികവിൽ 10 വിക്കറ്റിന്റെ തകർപ്പൻ വിജയം ബാംഗ്ലൂർ സ്വന്തമാക്കിയിരുന്നു. മത്സരത്തിനിടെ തന്റെ സെഞ്ചുറിയെ കുറിച്ച് ചിന്തിക്കേണ്ടയെന്നും മത്സരം ഫിനിഷ് ചെയ്യാനും ദേവ്ദത് പടിക്കൽ ആവശ്യപെട്ടതായി കോഹ്ലി വെളിപ്പെടുത്തിയിരുന്നു. കോഹ്ലിയോട് ഇക്കാര്യം പറഞ്ഞതിന് പിന്നിലെ കാരണവും മത്സരശേഷം ദേവ്ദത് പടിക്കൽ തുറന്നുപറഞ്ഞു.

( Picture Source : Twitter / Bcci )

മത്സരത്തിൽ 52 പന്തിൽ 11 ഫോറും 6 സിക്സുമടക്കം 101 റൺസ് നേടിയ ദേവ്ദത് പടിക്കലിന്റെയും 47 പന്തിൽ 6 ഫോറും 3 സിക്സുമടക്കം 72 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും മികവിലാണ് രാജസ്ഥാൻ റോയൽസ്‌ ഉയർത്തിയ 178 റൺസിന്റെ വിജയലക്ഷ്യം 16.3 ഓവറിൽ ആർ സി ബി മറികടന്നത്. ഐ പി എൽ പതിനാലാം സീസണിലെ ബാംഗ്ലൂരിന്റെ തുടർച്ചയായ നാലാം വിജയം കൂടിയാണിത്. നാലിൽ നാല് മത്സരങ്ങളിലും വിജയിച്ചതോടെ പോയിന്റ് ടേബിളിൽ കോഹ്ലിപ്പട ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

( Picture Source : Twitter / Bcci )

” മത്സരം ഫിനിഷ് ചെയ്യാൻ മാത്രമാണ് ഞാൻ നോക്കിയിരുന്നത്. എത്രയും വേഗത്തിൽ വിജയം നേടാനാണ് ഞങ്ങൾ ശ്രമിച്ചത്. മത്സരത്തിനിടെ സെഞ്ചുറിയെ കുറിച്ച് ഞാൻ കാര്യമായി ചിന്തിച്ചിരുന്നില്ല. മത്സരത്തിൽ ഞങ്ങൾക്ക് വിജയം ഉറപ്പുവരുത്തണമായിരുന്നു. അതാണ് ഞാൻ വിരാട് കോഹ്ലിയോടും പറഞ്ഞത്. മത്സരം ഫിനിഷ് ചെയ്യാൻ ഞാൻ കോഹ്ലിയോട് ആവശ്യപെട്ടു, കാരണം എന്നെ സംബന്ധിച്ച് സെഞ്ചുറിയേക്കാൾ വലുത് ടീമിന്റെ വിജയമാണ്. ” ദേവ്ദത് പടിക്കൽ പറഞ്ഞു.

( Picture Source : Twitter / Bcci )

” കോവിഡിൽ നിന്നും മുക്തനായി തിരിച്ചെത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. രണ്ടാം മത്സരത്തിൽ ടീമിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. എല്ലായ്പ്പോഴും ടീമിൽ പ്രത്യേക റോൾ എനിക്കുണ്ട്. എനിക്ക് കഴിയുന്ന വിധം അത് ഞാൻ നിറവേറ്റാൻ ശ്രമിക്കും. തീർച്ചയായും ചില സമയങ്ങളിൽ മധ്യഓവറുകൾ വെല്ലുവിളിയായേക്കും എല്ലായ്‌പോഴും ബൗണ്ടറികൾ നേടാൻ സാധിക്കില്ല. മികച്ച വിക്കറ്റായിരുന്നു ഇത്. മികച്ച കൂട്ടുകെട്ട് പടുത്തുയർത്താൻ ഞങ്ങൾക്ക് സാധിച്ചു. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തതിനാൽ ബൗണ്ടറികൾ നേടാൻ എളുപ്പമായിരുന്നു. ചെന്നൈയിലെ വിക്കറ്റും മുംബൈയിലെ വിക്കറ്റും വളരെ വ്യത്യസ്തമാണ്. രണ്ട് വിക്കറ്റിലും എന്റെ ചുമതലയും വ്യത്യസ്തമായിരുന്നു. ഈ മത്സരത്തിൽ എന്റെ ചുമതല ഭംഗിയായി നിറവേറ്റാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ” ദേവ്ദത് പടിക്കൽ കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

കഴിഞ്ഞ സീസണിലും തകർപ്പൻ പ്രകടനമാണ് ദേവ്ദത് പടിക്കൽ കാഴ്ച്ചവെച്ചത്. 15 മത്സരങ്ങളിൽ നിന്നും 31.53 ശരാശരിയിൽ 5 ഫിഫ്റ്റിയുൾപ്പടെ 473 റൺസ് കഴിഞ്ഞ സീസണിൽ പടിക്കൽ നേടിയിരുന്നു.

( Picture Source : Twitter / Bcci )