Skip to content

ഐ പി എല്ലിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ യുവതാരം ദേവ്ദത് പടിക്കലിനൊപ്പം അർധസെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെ മികവിലാണ് രാജസ്ഥാൻ റോയൽസിനെതിരെ 10 വിക്കറ്റിന്റെ വമ്പൻ വിജയം ആർ സി ബി സ്വന്തമാക്കിയത്.

( Picture Source : Twitter / Bcci )

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 178 റൺസിന്റെ വിജയലക്ഷ്യം 16.3 ഓവറിലാണ് വിക്കറ്റൊന്നും നഷ്ട്ടപെടാതെ ആർ സി ബി മറികടന്നത്. ദേവ്ദത് പടിക്കൽ 52 പന്തിൽ 11 ഫോറും 6 സിക്സുമടക്കം 101 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്ലി 47 പന്തിൽ 6 ഫോറും 3 സിക്സുമടക്കം 72 റൺസ് നേടി മികച്ച പിന്തുണ നൽകി. ഐ പി എല്ലിലെ ദേവ്ദത് പടിക്കലിന്റെ ആദ്യ സെഞ്ചുറിയാണിത്. സീസണിലെ ആർ സി ബിയുടെ തുടർച്ചയായ നാലാം വിജയമാണിത്. വിജയത്തോടെ പോയിന്റ് ടേബിളിൽ കോഹ്ലിപ്പട ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

( Picture Source : Twitter / Bcci )

മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ 6,000 റൺസ് പിന്നിടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം വിരാട് കോഹ്ലി സ്വന്തമാക്കി. മത്സരത്തിലെ പ്രകടനമടക്കം ഐ പി എല്ലിൽ ഇതുവരെ 188 ഇന്നിങ്സിൽ നിന്നും 38.35 ശരാശരിയിൽ 5 സെഞ്ചുറിയും 40 ഫിഫ്റ്റിയുമടക്കം 6,021 റൺസ് വിരാട് കോഹ്ലി നേടിയിട്ടുണ്ട്.

( Picture Source : Twitter / Bcci )

192 ഇന്നിങ്സിൽ നിന്നും 5448 റൺസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌ന, 179 ഇന്നിങ്സിൽ നിന്നും 5428 റൺസ് നേടിയ ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ ദിഖയെ ധവാൻ, 146 ഇന്നിങ്സിൽ നിന്നും 5384 റൺസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, 199 ഇന്നിങ്സിൽ 5,368 റൺസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരാണ് ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ കോഹ്ലിയ്ക്ക് പുറകിലുള്ളത്.

( Picture Source : Twitter / Bcci )

ഇത് 45 ആം തവണയാണ് ഐ പി എല്ലിൽ കോഹ്ലി 50 ലധികം റൺസ് സ്കോർ ചെയ്യുന്നത്. ഇതോടെ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ 50 + സ്കോർ നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡിൽ ശിഖാർ ധവാനൊപ്പം കോഹ്ലിയെത്തി. 49 ഫിഫ്റ്റിയും 4 സെഞ്ചുറിയുമടക്കം 53 തവണ 50+ സ്കോർ നേടിയിട്ടുള്ള സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണറാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

( Picture Source : Twitter / Bcci )