Skip to content

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ഐ പി എൽ പതിനാലാം സീസണിൽ തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ ശിഖാർ ധവാൻ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ടീമിനെ അനായാസം വിജയത്തിലെത്തിച്ച ധവാൻ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഈ മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡും ധവാൻ സ്വന്തമാക്കി.

( Picture Source : Twitter / Bcci )

മത്സരത്തിൽ 42 പന്തിൽ 45 റൺസ് നേടിയ ശിഖാർ ധവാന്റെയും 29 പന്തിൽ 33 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന്റെയും മികവിലാണ് മുംബൈ ഇന്ത്യൻസ്‌ ഉയർത്തിയ 138 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ ഡൽഹി ക്യാപിറ്റൽസ്‌ മറികടന്നത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനെ നാല് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയാണ് കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. 30 പന്തിൽ 44 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മികവിലാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോർ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ 6 വിക്കറ്റിന്റെ വിജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്താൻ ഡൽഹിയ്ക്ക് സാധിച്ചു. സീസണിലെ ഡൽഹി ക്യാപിറ്റൽസിന്റെ മൂന്നാം വിജമാണിത്.

( Picture Source : Twitter / Bcci )

മത്സരത്തിലെ പ്രകടനത്തിന് പുറകെ ഐ പി എല്ലിൽ ഓപ്പണറായി 5,000 റൺസ് ശിഖാർ ധവാൻ പൂർത്തിയാക്കി. ഐ പി എൽ ചരിത്രത്തിൽ ഓപ്പണറായി 5,000 റൺസ് നേടുന്ന ആദ്യ ബാറ്റ്‌സ്മാൻ കൂടിയാണ് ശിഖാർ ധവാൻ.

( Picture Source : Twitter / Bcci )

4692 റൺസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, 4480 റൺസ് നേടിയിട്ടുള്ള ക്രിസ് ഗെയ്ൽ എന്നിവരാണ് ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഓപ്പണിങ് ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ ധവാന് പുറകിലുള്ളത്.

( Picture Source : Twitter / Bcci )

ഈ സീസണിൽ നാല് മത്സരങ്ങളിൽ നിന്നും 57.75 ശരാശരിയിൽ 231 റൺസ് ശിഖാർ ധവാൻ നേടിയിട്ടുണ്ട്‌. കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ നിന്നും 44.14 ശരാശരിയിൽ 4 ഫിഫ്റ്റിയും 2 സെഞ്ചുറിയുമടക്കം 618 റൺസ് ധവാൻ നേടിയിരുന്നു. ഐ പി എൽ കരിയറിൽ 180 മത്സരങ്ങളിൽ നിന്നും 35.01 ശരാശരിയിൽ 2 സെഞ്ചുറിയും 43 ഫിഫ്റ്റിയുമടക്കം 5,428 റൺസ് ധവാൻ നേടിയിട്ടുണ്ട്‌. ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ നിലവിൽ വിരാട് കോഹ്ലിയ്ക്കും സുരേഷ് റെയ്‌നയ്ക്കും പുറകിൽ മൂന്നാം സ്ഥാനത്താണ് ശിഖാർ ധവാൻ.

( Picture Source : Twitter / Bcci )