Skip to content

ആ മോശം റെക്കോർഡിൽ കോഹ്ലിയ്ക്കും ധോണിയ്ക്കുമൊപ്പമെത്തി രോഹിത് ശർമ്മ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അമിത് മിശ്രയ്ക്കെതിരെ പുറത്തായതിന് പുറകെ ഐ പി എൽ ചരിത്രത്തിലെ ഒരു മോശം റെക്കോർഡിൽ വിരാട് കോഹ്ലിയ്ക്കും എം എസ് ധോണിയ്ക്കുമൊപ്പമെത്തി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 30 പന്തിൽ 3 ഫോറും 3 സിക്സുമടക്കം 44 റൺസ് നേടി മികച്ച പ്രകടനം രോഹിത് ശർമ്മ കാഴ്ച്ചവെച്ചിരുന്നു.

( Picture Source : Twitter / Bcci )

മത്സരത്തിൽ 6 വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസ്‌ മുംബൈ ഇന്ത്യൻസിനെ പരാജയപെടുത്തിയത്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 138 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ മറികടന്നു. 42 പന്തിൽ 45 റൺസ് നേടിയ ശിഖാർ ധവാൻ, 29 പന്തിൽ 33 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഡൽഹിയ്ക്ക് വേണ്ടി തിളങ്ങിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനെ നാലോവറിൽ 24 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയാണ് തകർത്തത്.

( Picture Source : Twitter / Bcci )

ഇത് ഏഴാം തവണയാണ് ഐ പി എല്ലിൽ രോഹിത് ശർമ്മയെ അമിത് മിശ്ര പുറത്താക്കുന്നത്. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ തവണ ഒരു ബൗളർക്കെതിരെ പുറത്താകുന്ന ബാറ്റ്‌സ്മാനെന്ന മോശം റെക്കോർഡിൽ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി, ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി എന്നിവർക്കൊപ്പം രോഹിത് ശർമ്മയെത്തി. ഇരുവരും 7 തവണ ഒരേ ബൗളർക്കെതിരെ പുറത്തായിട്ടുണ്ട്.

( Picture Source : Twitter / Bcci )

സൺറൈസേഴ്‌സ് ഹൈദരാബാദ് ബൗളർ സന്ദീപ് ശർമ്മയാണ് ഐ പി എല്ലിൽ വിരാട് കോഹ്ലിയെ 7 തവണ പുറത്താക്കിയിട്ടുള്ളത്. മുൻ ഇന്ത്യൻ ബൗളർ സഹീർ ഖാനാണ് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയെ 7 തവണ പുറത്താക്കിയത്.

( Picture Source : Twitter / Bcci )

സീസണിലെ മുംബൈ ഇന്ത്യൻസിന്റെ രണ്ടാം പരാജയമാണിത്. നേരത്തെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടിരുന്നു. നാല് മത്സരങ്ങളിൽ നിന്നും 2 വിജയാത്തോടെ പോയിന്റ് ടേബിളിൽ നിലവിൽ നാലാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്. ഏപ്രിൽ 23 ന് പഞ്ചാബ് കിങ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം.

( Picture Source : Twitter / Bcci )