Skip to content

‘ എന്റെ ആ സമീപനം മറ്റൊരു മത്സരത്തിൽ ആയിരുന്നുവെങ്കിൽ ടീമിന് തന്നെ തിരിച്ചടിയായേനെ’ ബാറ്റിങ് പ്രകടനത്തിൽ സ്വയം കുറ്റപ്പെടുത്തി ധോണി

രാജസ്ഥാൻ റോയൽസിനെ 45 റൺസിന് പരാജയപെടുത്തി സീസണിലെ തുടർച്ചയായ രണ്ടാം വിജയം നേടി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 143 റൺസ് നേടാനെ സാധിച്ചുള്ളു.

മൂന്നോവറിൽ 7 റൺസ്‌ മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊയിൻ അലിയാണ് രാജസ്ഥാൻ റോയൽസിനെ തകർത്തത്. സാം കറൻ നാലോവറിൽ 24 റൺസ് വഴങ്ങി 2 വിക്കറ്റും രവീന്ദ്ര ജഡേജ നാലോവറിൽ 28 റൺസ് വഴങ്ങി 2 വിക്കറ്റും ഡ്വെയ്ൻ ബ്രാവോ, ഷാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

വിജയത്തിനിടയിലും ധോണിയുടെ ദയനീയ പ്രകടനം ആരാധകരിൽ ആശങ്കയുണ്ടാക്കുകയാണ്. ടീം സ്‌കോർ 180 കടന്ന മത്സരത്തിൽ ധോണി 17 പന്തിൽ നിന്ന് നേടിയത് വെറും 18 റൺസാണ്. നേരിട്ട ആദ്യ 5 പന്തിൽ നിന്ന് റൺസ് ഒന്നും നേടാനാകാത്ത സിഎസ്കെ ക്യാപ്റ്റൻ ആറാം പന്തിൽ സിംഗിളിലൂടെയാണ് അക്കൗണ്ട് തുറന്നത്. പന്തുകൾ ബാറ്റിൽ കണക്ട് ചെയ്യാൻ ബുദ്ധിമുട്ടുന്ന ധോണിയെയാണ് ഇന്നലെ മുംബൈ സ്റ്റേഡിയത്തിൽ കണ്ടത്.

മത്സരത്തിന് പിന്നാലെ തന്റെ പ്രകടനത്തെ സ്വയം കുറ്റപ്പെടുത്തി ധോണി രംഗത്തെത്തിയിരുന്നു. ” മറ്റൊരു മത്സരത്തിലായിരുന്നെങ്കില്‍ താന്‍ പാഴാക്കിയ ആറ് ബോളുകള്‍ക്ക് വലിയ വില നല്‍കേണ്ടിവന്നേനെയെന്ന് ” ധോണി പറഞ്ഞു. നാൽപതാം വയസ്സിൽ ബാറ്റിംഗ് പ്രകടനത്തിൽ ഉറപ്പു നൽകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

” എന്റെ ഇരുപത്തിനാലാം വയസ്സിൽ പ്രകടനത്തിന്റെ കാര്യത്തിൽ ഗ്യാരന്റി നൽകിയിരുന്നില്ല, അതിനാൽ 40-ാം വയസിലും അതിന് കഴിയില്ല. ഞാൻ അണ്‍ഫിറ്റ് ആണെന്ന് ആൾക്കാർ പറയരുതെന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ” ധോണി പറഞ്ഞു.