Skip to content

ഞാൻ നേരിട്ട ആദ്യ 6 പന്തുകൾ ഒരുപക്ഷേ മറ്റൊരു മത്സരത്തിൽ ടീമിനെ പരാജയപെടുത്തിയേക്കാം ; എം എസ് ധോണി

രാജസ്ഥാൻ റോയൽ സിനെതിരായ മത്സരത്തിലെ തന്റെ പ്രകടനം ഒരുപക്ഷേ മറ്റൊരു മത്സരത്തിൽ ടീമിനെ പരാജയപെടുത്തിയേക്കാമെന്ന് ചെന്നൈ സൂപ്പർ കിങ്സ്‌ ക്യാപ്റ്റൻ എം എസ് ധോണി. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് വിജയിച്ചിരുന്നുവെങ്കിലും 17 പന്തിൽ 18 റൺസ് നേടാൻ മാത്രമാണ് ധോണിയ്ക്ക് സാധിച്ചത്. സീസണിലെ ആദ്യ മത്സരത്തിൽ റണ്ണൊന്നും നേടാതെയാണ് എം എസ് ധോണി പുറത്തായത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 14 ആം ഓവറിൽ 125/5 എന്ന ഘട്ടത്തിൽ ബാറ്റിങിനിറങ്ങിയ എം എസ് ധോണിയ്ക്ക് ആറാം പന്തിലാണ് ആദ്യ റൺ കണ്ടെത്തിയത്.

( Picture Source : Twitter / Bcci )

മത്സരത്തിൽ 45 റൺസിനാണ് റോയൽസിനെ ചെന്നൈ പരാജയപെടുത്തിയത്. ചെന്നൈ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 143 റൺസ് നേടാനെ സാധിച്ചുള്ളു. 35 പന്തിൽ 49 റൺസ് നേടിയ ജോസ് ബട്ട്ലർ മാത്രമാണ് റോയൽസിന് വേണ്ടി തിളങ്ങിയത്. ചെന്നൈയ്ക്ക് വേണ്ടി മൊയിൻ അലി മൂന്ന് വിക്കറ്റും സാം കറൻ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : Twitter / Bcci )

” 190 റൺസ് നേടാനായതിൽ സന്തോഷമുണ്ട്, എന്നാൽ അതിൽ കൂടുതൽ ഞങ്ങൾക്ക് നേടാമായിരുന്നു. ഞാൻ നേരിട്ട ആദ്യ 6 പന്തുകൾ ഒരുപക്ഷേ മറ്റൊരു മത്സരത്തിൽ ഞങ്ങൾക്ക് വിനയായേക്കാം. കളിക്കുമ്പോൾ നിങ്ങൾ അൺഫിറ്റാണെന്ന് മറ്റുള്ളവർ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് എനിക്ക് ഉറപ്പ് പറയാനാകില്ല. 24 ആം വയസ്സിലും ഞാനാ ഉറപ്പ് നൽകിയിട്ടില്ല, ഇപ്പോൾ 40 ആം വയസ്സിലും ഞാനതിൽ ഉറപ്പ് പറയില്ല. ” മത്സരശേഷം എം എസ് ധോണി പറഞ്ഞു.

( Picture Source : Twitter / Bcci )

” എന്നെ ചൂണ്ടികാട്ടി ഞാൻ അൺഫിറ്റാണെന്ന് പറയാൻ ആർക്കും സാധിക്കില്ല, അതുതന്നെ എന്നെ സംബന്ധിച്ച് വലിയ പോസിറ്റിവാണ്. യുവതാരങ്ങൾക്കൊപ്പം എനിക്ക് കിടപിടിക്കേണ്ടതുണ്ട്. അവർ വളരെ വേഗത്തിൽ ഓടുന്നു, അവർക്ക് വെല്ലുവിളിയുയർത്താൻ സാധിക്കുന്നത് നല്ല കാര്യമാണ്. ” എം എസ് ധോണി കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

മത്സരത്തിലെ വിജയത്തോടെ പോയിന്റ് ടേബിളിൽ ചെന്നൈ സൂപ്പർ കിങ്‌സ് രണ്ടാം സ്ഥാനത്തെത്തി. ഏപ്രിൽ 21 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

( Picture Source : Twitter / Bcci )