Skip to content

‘ അതാണ് പദ്ധതിയെങ്കിൽ രാഹുൽ ഓപ്പണിങ് ചെയ്യണമെന്നില്ല, ഷമിയോ സക്സേനയോ ആ റോൾ ചെയ്യട്ടെ ‘ ഡൽഹിക്കെതിരായ തോൽവിക്ക് പിന്നാലെ രാഹുലിന്റെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് ആശിഷ് നെഹ്റ

ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 10 പന്തുകള്‍ ശേഷിക്കെ ആറ് വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്. 92 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും 32 റണ്‍സെടുത്ത പൃഥ്വി ഷായുടെയും 27 റണ്‍സെടുത്ത മാര്‍ക്കസിന്റെയും ഉള്‍പ്പെടെയുള്ള പ്രകടനമാണ് ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത്.

20 ഓവറില്‍ നാല് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് പഞ്ചാബ് കിംഗ്‌സ് 195 റണ്‍സ് പടുത്തുയര്‍ത്തിയത്. 61 റണ്‍സെടുത്ത രാഹുലിന്റെയും 69 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിന്റെയും ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ച അടിത്തറയാണ് പഞ്ചാബിന് നല്‍കിയത്.

കൂറ്റൻ സ്‌കോർ നേടിയിട്ടും പ്രതിരോധിക്കാനാവാതെ പരാജയപ്പെട്ട പഞ്ചാബ് കിങ്സിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ രംഗത്ത്. കരുത്തരായ ബൗളിങ് നിര ലഭിച്ചിട്ടും ക്യാപ്റ്റൻ എന്ന നിലയിൽ അവരെ കൈകാര്യം ചെയ്യുന്നതിലുള്ള കെഎൽ രാഹുലിന്റെ പിഴവിനെയാണ് നെഹ്റ കണക്കിന് വിമർശിച്ചത്.

‘ വൻ വില നൽകി സ്വന്തമാക്കിയ ബൗളർമാർക്ക് തുടക്കത്തിൽ പന്തെറിയാൻ അവസരം നൽകിയില്ല. റൈലി മെറിഡത്തിന് മത്സരത്തിൽ ബോൾ ചെയ്യാൻ നൽകിയത് 10 ഓവറുകൾക്ക് ശേഷമാണ്. അദ്ദേഹം ആദ്യ ഓവറിൽത്തന്നെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കി. ഷമി പോലും നാല് ഓവർ നാലു സ്പെല്ലുകളായാണ് എറിഞ്ഞത്. അർഷ്ദീപിനെക്കൊണ്ട് ആദ്യത്തെ ഓവർ എറിയിക്കാനാണ് തീരുമാനിച്ചത്. ഡൽഹിയെ മുന്നിൽനിന്ന് നിയന്ത്രിക്കാനാണോ പിന്നിൽനിന്ന് നിയന്ത്രിക്കാനാണോ പഞ്ചാബ് ശ്രമിച്ചത്?’ – നെഹ്റ ചോദിച്ചു.

ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ ജയിക്കണമെങ്കിൽ പഞ്ചാബ് കിങ്സ് നായകൻ കെ.എൽ. രാഹുലും പരിശീലകൻ അനിൽ കുംബ്ലെയും ഒന്നിച്ചിരുന്നത് പുതിയ തന്ത്രങ്ങൾ കണ്ടെത്തേണ്ടി വരുമെന്നും ആശിഷ് നെഹ്റ അഭിപ്രായപ്പെട്ടു.

‘‘ ഇങ്ങനെയാണ് പഞ്ചാബ് കിങ്സിന്റെ തന്ത്രങ്ങളെങ്കിൽ, രാഹുൽ ഓപ്പണറായി ഇറങ്ങേണ്ട ആവശ്യം പോലുമില്ല. പകരം ജലജ് സക്സേനയേയോ മുഹമ്മദ് ഷമിയേയോ ഷാരൂഖ് ഖാനേയെ, ആരെ വേണമെങ്കിലും ആ റോൾ ഏൽപ്പിക്കാം. അതുകൊണ്ട് ക്യാപ്റ്റനെന്ന നിലയിൽ രാഹുൽ പരിശീലകൻ അനിൽ കുംബ്ലെയ്ക്കൊപ്പമിരുന്ന് തന്ത്രങ്ങളിൽ കൂടുതൽ മൂർച്ച വരുത്തണം’ – നെഹ്റ പറഞ്ഞു.

” പഞ്ചാബ് അവരുടെ ബൗളിംഗ് പദ്ധതികൾ താറുമാറാക്കി. ബൗളിങ് ആരംഭിച്ചത് തന്നെ നാല് വ്യത്യസ്ത ബൗളർമാരെ വെച്ചായിരുന്നു. അത്തരം കാര്യങ്ങൾ കൂടുതലും ചെയ്യുന്നത് മികച്ച ബൗളിങ് നിരയില്ലാത്ത ടീമുകളാണ്. അവർ ചെയ്ത ഏറ്റവും വലിയ തെറ്റ് അതായിരുന്നു ” അദ്ദേഹം കൂട്ടിച്ചേർത്തു.