Skip to content

കൊൽക്കത്തയ്ക്കെതിരായ മത്സരത്തിനിടെ മാക്‌സ്‌വെൽ തന്നോട് ദേഷ്യപെട്ടിരുന്നു ; എ ബി ഡിവില്ലിയേഴ്സ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ ഗ്ലെൻ മാക്‌സ്‌വെൽ തന്നോട് ദേഷ്യപെട്ടിരുന്നതായി റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ്. മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ബാംഗ്ലൂരിന് വേണ്ടി ഇരുവരും കാഴ്ച്ചവെച്ചത്. മത്സരശേഷമായിരുന്നു മാക്‌സ്‌വെൽ തന്നോട് ദേഷ്യപെട്ട രസകരമായ സന്ദർഭം എ ബി ഡിവില്ലിയേഴ്സ് വെളിപ്പെടുത്തിയത്.

( Picture Source : Twitter / Bcci )

മത്സരത്തിൽ മാക്‌സ്‌വെൽ 49 പന്തിൽ 9 ഫോറും 3 സിക്സുമടക്കം 78 റൺസ് നേടിയപ്പോൾ എ ബി ഡിവില്ലിയേഴ്സ് 34 പന്തിൽ 9 ഫോറും 3 സിക്സുമടക്കം 76 റൺസ് നേടി പുറത്താകാതെ നിന്നിരുന്നു. ഇരുവരുടെയും ഈ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 204 റൺസ് നേടാൻ ആർ സി ബിയ്ക്ക് സാധിച്ചിരുന്നു. 205 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്കാകട്ടെ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 166 റൺസ് നേടാനെ സാധിച്ചുള്ളു. സീസണിലെ ബാംഗ്ലൂരിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. ഐ പി എല്ലിൽ ഇതാദ്യമായാണ് സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ആർ സി ബി വിജയം നേടുന്നത്. വിജയത്തോടെ പോയിന്റ് ടേബിളിൽ കോഹ്ലിയും കൂട്ടരും ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

( Picture Source : Twitter / Bcci )

” ഞാൻ ക്രീസിലെത്തിയപ്പോൾ മാക്‌സ്‌വെൽ ക്ഷീണിതനാണെന്ന് മനസ്സിലാക്കിയിരുന്നു. അധികം ഓടാൻ ആഗ്രഹിക്കുന്നില്ലയെന്ന് അവനെന്നോട് പറഞ്ഞിരുന്നു. എന്നാൽ ആ ഓവറിൽ തന്നെ ഞാൻ രണ്ടും മൂന്നും റൺസ് നേടി. തുടർന്ന് അവനെന്നോട്‌ വളരെ ദേഷ്യപെട്ടിരുന്നു. ” എ ബി ഡിവില്ലിയേഴ്സ് പറഞ്ഞു.

( Picture Source : Twitter / Bcci )

” തുറന്നുപറഞ്ഞാൽ ഞങ്ങളിരുവരും ഒരുമിച്ച് ബാറ്റ് ചെയ്യുന്നത് വളരെയധികം ആസ്വദിക്കുന്നു. ഞങ്ങൾ സമാനമായ കളിക്കാരാണ്. ടീമിന് വേണ്ടി നിർണായക പ്രകടനം പുറത്തെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞാൻ ക്രീസിലെത്തിയതിന് ശേഷം ഒരു അടിത്തറ ഉണ്ടാക്കിയെടുക്കാനും കൂട്ടുകെട്ട് പടുത്തുയർത്താനുമാണ് ഞങ്ങൾ തീരുമാനിച്ചത്. വിക്കറ്റ് മോശമല്ലയെന്ന് അവനെന്നോട് പറഞ്ഞിരുന്നു. കഴിഞ്ഞ മത്സരങ്ങളേക്കാൾ 20 റൺസെങ്കിലും അധികമായി നേടാൻ സാധിക്കുമെന്നും അവൻ പറഞ്ഞു. അതുകൊണ്ട് തന്നെ കൂട്ടുകെട്ട് തുടർന്നാൽ അവരുടെ വീക്ക്നസ് കണ്ടെത്താൻ സാധിക്കുമെന്ന് എനിക്കറിയാമായിരുന്നു. ” എ ബി ഡിവില്ലിയേഴ്‌സ്‌ പറഞ്ഞു.

( Picture Source : Twitter / Bcci )

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് മാക്‌സ്‌വെൽ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്നും 2 അർധസെഞ്ചുറി ഉൾപ്പെടെ 149.15 സ്‌ട്രൈക്ക് റേറ്റിൽ 176 റൺസ് മാക്‌സ്‌വെൽ നേടികഴിഞ്ഞു. മറുഭാഗത്ത് ഡിവില്ലിയേഴ്സാകട്ടെ 3 മത്സരങ്ങളിൽ നിന്നും 189.39 സ്‌ട്രൈക്ക് റേറ്റിൽ 125 റൺസ് നേടിയിട്ടുണ്ട്. ഏപ്രിൽ 22 ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ആർ സി ബിയുടെ അടുത്ത മത്സരം.

( Picture Source : Twitter / Bcci )