Skip to content

ഇത് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മോശം ക്യാപ്റ്റൻസി, ഓയിൻ മോർഗനെ വിമർശിച്ച് ഗൗതം ഗംഭീർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഓയിൻ മോർഗനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുൻ ക്യാപ്റ്റനും കൂടിയായ ഗൗതം ഗംഭീർ. റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തിലെ മോർഗന്റെ ക്യാപ്റ്റൻസിയാണ് ഗംഭീറിന്റെ രൂക്ഷവിമർശനത്തിന് ഇടയാക്കിയത്.

( Picture Source : Twitter / Bcci )

മത്സരത്തിൽ മികച്ച തുടക്കമാണ് കൊൽക്കത്തയ്ക്ക് ലഭിച്ചത്. 9 റൺസ് എടുക്കുന്നതിനിടെ ക്യാപ്റ്റൻ വിരാട് കോഹ്ലിയടക്കം ബാംഗ്ലൂരിന്റെ 2 വിക്കറ്റുകൾ നേടാൻ കൊൽക്കത്തയ്ക്ക് സാധിച്ചിരുന്നു. എന്നാൽ പിന്നീട് ക്രീസിലെത്തിയ ഗ്ലെൻ മാക്‌സ്‌വെൽ തുടക്കത്തിലെ തകർച്ചയിൽ നിന്നും ബാംഗ്ലൂരിനെ കയറ്റുകയായിരുന്നു. 49 പന്തിൽ 9 ഫോറും 3 സിക്സുമടക്കം 78 റൺസ് നേടിയാണ് ഗ്ലെൻ മാക്‌സ്‌വെൽ പുറത്തായത്. 34 പന്തിൽ 9 ഫോറും 3 സിക്സുമുൾപ്പടെ പുറത്താകാതെ 76 റൺസ് നേടി ഡിവില്ലിയേഴ്സും തകർത്തടിച്ചതോടെ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 204 റൺസ് നേടാൻ ആർ സി ബി യ്ക്ക് സാധിച്ചു. മറുപടി ബാറ്റിങിനിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 166 റൺസ് നേടാനെ സാധിച്ചുള്ളു.

( Picture Source : Twitter / Bcci )

” ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മോശം ക്യാപ്റ്റൻസിയാണിത്. എനിക്ക് വിശദീകരിക്കാൻ പോലും സാധിക്കുന്നില്ല. ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും വിചിത്രവും മോശവുമായി ക്യാപ്റ്റൻസിയാണിത്. വിരാട് കോഹ്ലിയുടേത് വലിയ വിക്കറ്റ് തന്നെയാണ്, അതിൽ യാതൊരു സംശയവുമില്ല, എന്നാൽ ആദ്യ ഓവറിൽ 2 വിക്കറ്റ് നേടിയ ഒരാൾക്ക് ( വരുൺ ചക്രവർത്തി ) അടുത്ത ഓവർ എറിയാൻ അവർ അനുവദിച്ചില്ല. മികച്ച ഫോമിലുള്ള ബാറ്റ്‌സ്മാൻ ക്രീസിലുള്ളപ്പോൾ ആദ്യ 6 ഓവറിലൂടെ മത്സരത്തെ നോക്കികാണണം. മൂന്നാം വിക്കറ്റോ അല്ലെങ്കിൽ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ വിക്കറ്റോ വരുൺ ചക്രവർത്തിയ്ക്ക് അടുത്ത ഓവറിൽ നേടാൻ സാധിച്ചുവെങ്കിൽ മത്സരം അപ്പോൾ തന്നെ കൈപിടിയിലാക്കാൻ കൊൽക്കത്തയ്ക്ക് സാധിക്കുമായിരുന്നു. ” ഗംഭീർ പറഞ്ഞു.

( Picture Source : Twitter / Bcci )

” ഒരു ഇന്ത്യൻ ക്യാപ്റ്റനല്ല ഈ പിഴവ് വരുത്തിയതെന്നതിൽ എനിക്ക് സന്തോഷമുണ്ട്, ഇതൊരു ഇന്ത്യൻ ക്യാപ്റ്റന്റെ ഭാഗത്തുനിന്നാണേൽ ഒരുപാട് പേർ വിമർശനവുമായി രംഗത്തെത്തിയേനെ. ഇത് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും അപാഹാസ്യമായ ക്യാപ്റ്റൻസിയാണ്, കാരണം ഇക്കാര്യത്തിൽ യാതൊരു സാങ്കേതികജ്ഞാനത്തിന്റെയും ആവശ്യമില്ല ” ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

സീസണിലെ കൊൽക്കത്തയുടെ തുടർച്ചയായ രണ്ടാം പരാജയമാണിത്. നേരത്തെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 10 റൺസിന് കൊൽക്കത്ത പരാജയപെട്ടിരുന്നു. ഏപ്രിൽ 21 ന് മുംബൈയിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരം.

( Picture Source : Twitter / Bcci )