Skip to content

ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ആ നേട്ടം സ്വന്തമാക്കി ബാംഗ്ലൂർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 38 റൺസിന് പരാജയപ്പെടുത്തി ഈ സീസണിലെ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി ആർസിബി. ബാറ്റിങ് ദുഷ്‌കരമായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഏവരെയും അമ്പരപ്പിച്ച് കൊണ്ടാണ് ബാംഗ്ലൂർ 200 കടന്നത്. 49 പന്തിൽ നിന്ന് 78 റൺസ് നേടിയ മാക്‌സ്വെല്ലിന്റെയും 34 പന്തിൽ നിന്ന് 76 റൺസ് നേടിയ ഡിവില്ലിയേഴ്സിന്റെയും പ്രകടനമാണ് കൂറ്റൻ സ്‌കോർ നേടാൻ സഹായകമായത്.

205 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്തയുടെ പോരാട്ടം 166 റണ്‍സിലവസാനിക്കുകയായിരുന്നു. 31 റണ്‍സെടുത്ത ആന്ദ്രേ റസല്‍ ഒന്ന്​ പേടിപ്പിച്ചെങ്കിലും ബാംഗ്ലൂര്‍ ബൗളര്‍മാര്‍ അനായാസം കളി വരുതിയിലാക്കുകയായിരുന്നു. മൂന്നുമത്സരങ്ങളില്‍ നിന്നും മൂന്നും വിജയിച്ച ബാംഗ്ലൂര്‍ പോയന്‍റ്​ പട്ടികയില്‍ ഒന്നാമതെത്തിയപ്പോള്‍ കൊല്‍ക്കത്തക്കിത്​ രണ്ടാം തോല്‍വിയാണ്​.

കൊല്‍ക്കത്ത ബാറ്റിങ്​ നിരയയില്‍ മിക്കവര്‍ക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും മികച്ച സ്​കോറിലേക്കെത്താനായില്ല. നിതിഷ്​ റാണ (18), ശുഭ്​മാന്‍ ഗില്‍ (21), രാഹുല്‍ ത്രിപതി (25), ഓയിന്‍ മോര്‍ഗന്‍(29), ദിനേഷ്​ കാര്‍ത്തിക്​ (2), ഷാക്കിബ്​ അല്‍ ഹസന്‍ (26) എന്നിങ്ങനെയാണ്​ കൊല്‍ക്കത്ത ബാറ്റ്​സ്​മാന്‍മാരുടെ സ്​കോറുകള്‍. ബാംഗ്ലൂരിനായി കൈല്‍ ജാമിസണ്‍ മൂന്നും യൂസ്​വേന്ദ്ര ചാഹല്‍, ഹാര്‍ഷല്‍ പ​ട്ടേല്‍ എന്നിവര്‍ രണ്ട്​വിക്കറ്റ്​ വീതവും വീഴ്​ത്തി.

ഐപിഎൽ ചരിത്രത്തിൽ ഇതാദ്യമായാണ് ബാംഗ്ലൂർ ഒരു സീസണിലെ ആദ്യ 3 മത്സരങ്ങളും ജയിക്കുന്നത്. ആദ്യ മത്സരത്തിൽ മുംബൈയെ ചെയ്‌സിങിൽ ഡിവില്ലിയേഴ്‌സിന്റെ തകർപ്പൻ പ്രകടനത്തിൽ പരാജയപ്പെടുത്തിയിരുന്നു.

രണ്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 150 റൺസ് ഡിഫെൻഡ് ചെയ്ത് വിജയിച്ചിരുന്നു. ആദ്യ മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് 5 വിക്കറ്റ് നേടിയ ഹർഷൽ പട്ടേൽ സ്വന്തമാക്കിയപ്പോൾ രണ്ടാം മത്സരത്തിൽ ബാറ്റിങ് ദുഷ്കരമായ പിച്ചിൽ നിർണായക റൺസുകൾ നേടിയ മാക്‌സ്വെല്ലിന് ലഭിച്ചു.