Skip to content

റസ്സലുമായി അവനൊരു ചരിത്രമുണ്ട്, മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് വിരാട് കോഹ്ലി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ വിക്കറ്റൊന്നും നേടിയില്ലയെങ്കിലും മൂന്നോവറിൽ 17 റൺസ് മാത്രമാണ് സിറാജ് വഴങ്ങിയത്. നിർണായകമായ 19 ആം ഓവറിൽ ആന്ദ്രേ റസ്സലിനെതിരെ വെറും ഒരു റൺ മാത്രം വഴങ്ങിയ സിറാജ് ടീമിന് വിജയമുറപ്പിക്കുകയും ചെയ്തു.

( Picture Source : Twitter / Bcci )

മത്സരത്തിൽ 38 റൺസിനാണ് ബാംഗ്ലൂർ വിജയം നേടിയത്. ബാംഗ്ലൂർ ഉയർത്തിയ 205 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 166 റൺസ് നേടാനെ സാധിച്ചുള്ളു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർ സി ബി 49 പന്തിൽ 9 ഫോറും 3 സിക്സുമടക്കം 78 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെലിന്റെയും 34 പന്തിൽ 9 ഫോറും 3 സിക്സുമടക്കം പുറത്താകാതെ 76 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സിന്റെയും മികവിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്.

( Picture Source : Twitter / Bcci )

” റസ്സലിനെതിരായ സിറാജിന്റെ ഓവർ മികച്ചതായിരുന്നു. റസ്സലിനെതിരെ അവന് കുറച്ച് ചരിത്രമുണ്ട്. ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷം അവൻ മറ്റൊരു ബൗളറായി മാറി. മത്സരത്തിൽ വിജയമുറപ്പിച്ചത് അവന്റെ ഓവറാണ്. ” വിരാട് കോഹ്ലി പറഞ്ഞു.

( Picture Source : Twitter / Bcci )

2019 ൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 13 പന്തിൽ ഒരു ഫോറും 7 സിക്സുമടക്കം പുറത്താകാതെ 48 റൺസ് നേടിയ റസ്സൽ കൊൽക്കത്തയ്ക്ക് 5 വിക്കറ്റിന്റെ വിജയം സമ്മാനിച്ചിരുന്നു. മത്സരത്തിലെ 18 ആം ഓവർ എറിഞ്ഞ സിറാജ് റസ്സലിനെതിരെ തുടർച്ചയായ ബീമർ എറിയുകയും തുടർന്ന് അമ്പയർമാർ താരത്തിന് ഇനി ബൗൾ ചെയ്യാനാകില്ലയെന്ന് കോഹ്ലിയെ അറിയിക്കുകയും ചെയ്തിരുന്നു. മാർക്കസ്‌ സ്റ്റോയിനിസാണ് ഓവറിലെ തുടർന്നുള്ള പന്തുകൾ എറിഞ്ഞത്.

( Picture Source : Twitter / Bcci )

” ഹർഷാൽ പട്ടേലും ജാമിസണും നന്നായി പന്തെറിഞ്ഞു, മൂന്നിൽ മൂന്നിലും ഞങ്ങൾ വിജയിക്കാനുള്ള കാരണമതാണ്. ചെന്നൈ പോലെ വലിയ ബൗണ്ടറികളുള്ള പിച്ചിൽ ബാറ്റ്‌സ്മാന്മാർ തെറ്റുകൾ വരുത്താനുള്ള സാധ്യത കൂടുതലാണ്. വാങ്കഡെയിലും കൊൽക്കത്തയിലും അഹമ്മദാബാദിലും ഞങ്ങൾ കളിച്ചിട്ടുണ്ട്, അവിടെ തെറ്റുകൾ വരുത്താനുള്ള സാധ്യത വിരളമാണ്. സ്കോർബോർഡിൽ 200 റൺസ് ഞങ്ങൾക്ക് നേടാൻ സാധിച്ചത് രണ്ട് മികച്ച ഇന്നിങ്സുകളുടെ മികവിലാണ്. മാക്‌സ്‌വെല്ലും അവിസ്മരണീയ പ്രകടനം കാഴ്ച്ചവെച്ചു പിന്നാലെ എബിയും ആ ഫോമിൽ അവനെ തടയുകയെന്നത് എളുപ്പമല്ല. സ്ലോ ആയ പിച്ചിൽ അധികമായി 40 റൺസ് നേടാൻ ഞങ്ങൾക്ക് സാധിച്ചു. ” വിരാട് കോഹ്ലി പറഞ്ഞു.

( Picture Source : Twitter / Bcci )