Skip to content

അവനെന്റെ ജോലി എളുപ്പമാക്കുന്നു, ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ട്രെൻഡ് ബോൾട്ട്

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പുറകെ സഹതാരം ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുംബൈ ഇന്ത്യൻസിന്റെ ന്യൂസിലാൻഡ് പേസർ ട്രെൻഡ് ബോൾട്ട്. സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ബുംറ കാഴ്ച്ചവെച്ചത്. നാലോവറിൽ 14 റൺസ് വഴങ്ങിയ ബുംറ വിജയ് ശങ്കറിന്റെ വിക്കറ്റ് വീഴ്ത്തി സൺറൈസേഴ്‌സിന്റെ അവസാന പ്രതീക്ഷയും തകർത്തിരുന്നു. അവസാന രണ്ടോവറിൽ 9 റൺസ് മാത്രമാണ് ബുംറ വഴങ്ങിയത്.

( Picture Source: Twitter / Bcci )

ആദ്യ രണ്ട് ഓവറിലെ മോശം പ്രകടനത്തിന് ശേഷം അവസാന ഓവറുകളിൽ 3 വിക്കറ്റ് വീഴ്ത്തിയ ബോൾട്ടും മികച്ച പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 151 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് 19.4 ഓവറിൽ 137 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. ബുംറയ്ക്കും ബോൾട്ടിനും പുറമെ നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാഹുൽ ചഹാറും മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തു. സീസണിലെ സൺറൈസേഴ്‌സിന്റെ തുടർച്ചയായ മൂന്നാം പരാജയമാണിത്. 22 പന്തിൽ 43 റൺസ് നേടിയ ജോണി ബെയർസ്റ്റോ, 36 റൺസ് നേടിയ ക്യാപ്റ്റൻ ഡേവിഡ് വാർണർ, 28 റൺസ് നേടിയ വിജയ് ശങ്കർ എന്നിവർ മാത്രമാണ് സൺറൈസേഴ്‌സിന് വേണ്ടി തിളങ്ങിയത്.

( Picture Source: Twitter / Bcci )

” ബുംറയുടെ തകർപ്പൻ പ്രകടനത്തിൽ സന്തോഷമുണ്ട്. പന്തുകൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന ഉത്തമബോധ്യം അവനുണ്ട്. ഡെത്ത് ഓവറുകളിൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിലൊരാളാണവൻ. എന്റെ ജോലി അവൻ ഒരുപാട് എളുപ്പമാക്കുന്നു. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ അവനൊപ്പം ബൗൾ ചെയ്യുന്നതിൽ സന്തോഷമുണ്ട്. ടൂർണമെന്റിൽ മികച്ച തുടക്കമാണ് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.” ട്രെൻഡ് ബോൾട്ട് പറഞ്ഞു.

( Picture Source: Twitter / Bcci )

” മത്സരത്തിൽ ഒരു പ്രകടനത്തെ മാത്രം എടുത്തുപറയാൻ സാധിക്കില്ല. വിജയത്തിൽ ടീമിലെ എല്ലാവരും ക്രെഡിറ്റ് അർഹിക്കുന്നു. വേണ്ടത്ര റൺസ് കണ്ടെത്താൻ സാധിച്ചില്ലയെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ ഈ പിച്ചിൽ പോരാടാൻ സാധിക്കുമെന്ന് ഞങ്ങൾക്കറിയാം. രണ്ടോ മൂന്നോ വിക്കറ്റുകൾ നേടിയാൽ മത്സരത്തിൽ നിങ്ങൾക്ക് തിരിച്ചെത്താൻ സാധിക്കും.” ട്രെൻഡ് ബോൾട്ട് കൂട്ടിച്ചേർത്തു.

( Picture Source: Twitter / Bcci )

” ഹാർദിക് പാണ്ഡ്യയുടെ രണ്ട് ഡയറക്ട് ഹിറ്റും രാഹുൽ ചഹാർ നേടിയ മൂന്ന് വിക്കറ്റുമാണ് മത്സരത്തിൽ നിർണായകമായത്. അതിനൊപ്പം നാലോവറിൽ 14 റൺസ് വഴങ്ങിയ ജസ്പ്രീത് ബുംറയുടെ പ്രകടനവും വിജയത്തിന് കാരണമായി. ” ട്രെൻഡ് ബോൾട്ട് കൂട്ടിച്ചേർത്തു.

( Picture Source: Twitter / Bcci )