Skip to content

സിക്സിൽ വീണ്ടും റെക്കോർഡിട്ട് രോഹിത് ശർമ്മ, പിന്നിലാക്കിയത് എം എസ് ധോണിയെ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് പുറകെ സിക്സുകളുടെ എണ്ണത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 25 പന്തിൽ 32 റൺസ് നേടി പുറത്തായ രോഹിത് 2 ഫോറും 2 സിക്സും നേടിയിരുന്നു. ഇതിനുപുറകെയാണ് തകർപ്പൻ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കിയത്.

( Picture Source : Twitter / Bcci )

മത്സരത്തിൽ 13 റൺസിനാണ് മുംബൈ ഇന്ത്യൻസ് വിജയിച്ചത്. മുംബൈ ഉയർത്തിയ 151 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് 19.4 ഓവറിൽ 137 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. നാലോവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാഹുൽ ചഹാർ, 28 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ട്രെൻഡ് ബോൾട്ട്, നാലോവറിൽ 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ എന്നിവരാണ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ ചുരുക്കികെട്ടിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 32 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കൂടാതെ 40 റൺസ് നേടിയ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീകോക്ക്, 22 പന്തിൽ പുറത്താകാതെ 35 റൺസ് നേടിയ കീറോൺ പൊള്ളാർഡ് എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്.

( Picture Source : Twitter / Bcci )

മത്സരത്തിൽ 2 സിക്സ് കൂടെ നേടിയതോടെ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി. 198 ഇന്നിങ്സിൽ നിന്നും ഇതുവരെ 217 സിക്സ് രോഹിത് നേടിയിട്ടുണ്ട്‌. 183 ഇന്നിങ്സിൽ നിന്നും 216 സിക്സ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയെയാണ് രോഹിത് ശർമ്മ പിന്നിലാക്കിയത്. 201 സിക്സ് നേടിയ ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി, 198 സിക്സ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌ന, 163 സിക്സ് നേടിയ റോബിൻ ഉത്തപ്പ എന്നിവരാണ് ഐ പി എല്ലിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ രോഹിത് ശർമ്മയ്ക്കും എം എസ് ധോണിയ്ക്കും പുറകിലുള്ളത്.

( Picture Source : Twitter / Bcci )

ഏറ്റവും കൂടുതൽ സിക്സ് നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് രോഹിത് ശർമ്മയുള്ളത്. 158 ഇന്നിങ്സിൽ നിന്നും 237 സിക്സ് നേടിയ റോയൽ ചകഞ്ചേഴ്‌സ് ബാംഗ്ലൂർ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ്, 133 ഇന്നിങ്സിൽ നിന്നും 351 സിക്സ് നേടിയ പഞ്ചാബ് കിങ്സ്‌ ബാറ്റ്‌സ്മാൻ ക്രിസ് എന്നിവരാണ് ഈ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

( Picture Source : Twitter / Bcci )

മത്സരത്തിലെ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ ക്യാപ്റ്റനായി 4000 റൺസും രോഹിത് ശർമ്മ പൂർത്തിയാക്കി. വിരാട് കോഹ്ലി, എം എസ് ധോണി, ഗൗതം ഗംഭീർ എന്നിവർക്ക് ശേഷം ഈ റെക്കോർഡ് സ്വന്തമാക്കുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനാണ് രോഹിത് ശർമ്മ.

( Picture Source : Twitter / Bcci )