Skip to content

ഫീൽഡിൽ പതിനൊന്ന് ജാഡുമാർ വേണമെന്ന് തോന്നിയിട്ടുണ്ട്, ജഡേജയെ പ്രശംസിച്ച് ദീപക് ചഹാർ

രവീന്ദ്ര ജഡേജയുടെ ഫീൽഡിങ് മികവിനെ പ്രശംസിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് പേസർ ദീപക് ചഹാർ. മത്സരത്തിൽ തകർപ്പൻ റണ്ണൗട്ടിലൂടെ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ പുറത്താക്കിയ ജഡേജ അവിശ്വസനീയ ക്യാച്ചും നേടിയിരുന്നു. മത്സരത്തിൽ 6 വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്‌സ് പഞ്ചാബ് കിങ്‌സിനെ പരാജയപെടുത്തിയത്.

( Picture Source : Twitter / Bcci )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 20 ഓവറിൽ 106 റൺസിന് ചുരുക്കികെട്ടിയ ചെന്നൈ 15.4 ഓവറിൽ 107 റൺസിന്റെ വിജയലക്ഷ്യത്തിലെത്തി. നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ ദീപക് ചഹാറാണ് പഞ്ചാബിനെ തകത്തത്. മറുപടി ബാറ്റിങിൽ 33 പന്തിൽ 36 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസും 31 പന്തിൽ 46 റൺസ് നേടിയ മൊയിൻ അലിയും ചെന്നൈയ്ക്ക് വേണ്ടി തിളങ്ങി. മത്സരത്തിൽ തകർപ്പൻ ഫീൽഡിങ് പ്രകടനത്തിലൂടെയാണ് ജഡേജ താരമായത്. ഡയറക്ട് ത്രോയിലൂടെ കെ എൽ രാഹുലിനെ പുറത്താക്കിയ ജഡേജ തകർപ്പൻ ഡൈവിങ് ക്യാച്ചിലൂടെ ക്രിസ് ഗെയ്‌ലിനെയും മടക്കിയിരുന്നു. മത്സരത്തിലെ ഈ റണ്ണൗട്ടോടെ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ തവണ റണ്ണൗട്ട് നേടുന്ന ഫീൽഡറെന്ന നേട്ടത്തിൽ വിരാട് കോഹ്ലിയെ ജഡേജ പിന്നിലാക്കിയിരുന്നു.

( Picture Source : Twitter / Bcci )

” ആദ്യ ഓവറിൽ ഋതുരാജ് ക്യാച്ച് നഷ്ട്ടപെടുത്തിയിരുന്നു, എന്നാലത് വളരെ വേഗത്തിലുള്ളതായിരുന്നു. ജാഡുവിന് മാത്രമേ ആ ക്യാച്ച് നേടാൻ സാധിക്കുമായിരുന്നുള്ളൂ, ആ പൊസിഷനിൽ ജാഡുവായിരുന്നെങ്കിലെന്ന് ഞാനപ്പോൾ ആഗ്രഹിച്ചിരുന്നു. അവൻ ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർമാരിലൊരാളാണ്, എന്റെ ബൗളിങിൽ ഒരുപാട് ക്യാച്ചുകൾ അവൻ നേടിയിട്ടുണ്ട്‌. ഫീൽഡിൽ 11 ജാഡുമാർ വേണമെന്ന് തോന്നാറുണ്ട്. ” ദീപക് ചഹാർ പറഞ്ഞു.

( Picture Source : Twitter / Bcci )

” മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് മത്സരത്തിൽ ഞാൻ ഏറ്റവുമധികം ആസ്വദിച്ചത്. അത് ഒരു ബൗളറെ സംബന്ധിച്ച് സ്വപ്നതുല്യമായ ബോളാണ്. ആദ്യ ഓവറിൽ ടീമിന് മികച്ച തുടക്കം നൽകുകയെന്നത് എന്റെ ചുമതലയാണ്. കഴിഞ്ഞ വർഷങ്ങളായി ആ ചുമതല ഞാൻ നിർവ്വഹിക്കുന്നു, മഹി ഭായ്ക്ക് അക്കാര്യത്തിൽ എന്നിൽ വിശ്വാസവുമുണ്ട്. ടി20യിൽ നിങ്ങൾക്ക് വിക്കറ്റ് ലഭിച്ചേക്കില്ല, അതുകൊണ്ട് പവർപ്ലേയിൽ പരമാവധി ഡോട്ട് ബോളുകൾ എറിയുകയെന്നതാണ് എന്റെ പദ്ധതി. ” ദീപക് ചഹാർ കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

സീസണിലെ ചെന്നൈയുടെ ആദ്യ വിജയസമാണിത്. ഏപ്രിൽ 19 ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത മത്സരം.

( Picture Source : Twitter / Bcci )