Skip to content

നാണക്കേടിന്റെ റെക്കോർഡിൽ രോഹിത്, രഹാനെ എന്നിവർക്കൊപ്പം ഇനി റായുഡുവും മുമ്പിൽ

പഞ്ചാബ് കിങ്ങ്‌സിനെതിരായ മത്സരത്തിലൂടെ ടൂര്‍ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്. പഞ്ചാബ് കിങ്ങ്‌സ് ഉയര്‍ത്തിയ 107 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യം 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. ചെന്നൈക്ക് വേണ്ടി മൊയീന്‍ അലി 31 പന്തില്‍ ഏഴ് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടെ 46 റണ്‍സ് നേടി പുറത്തായി.

33 പന്തുകളില്‍ നിന്ന് 36 റണ്‍സുമായി ഡ്യു പ്ലസിസ് പുറത്താകാതെ നിന്നു. മുഹമ്മദ് ഷമി എറിഞ്ഞ പതിനഞ്ചാം ഓവറിലെ തുടര്‍ച്ചയായ രണ്ട് പന്തുകളിലൂടെ വിക്കറ്റ് വീഴ്ത്തി മത്സരത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമം നടത്തിയെങ്കിലും ചെന്നൈ വിജയത്തിന് വെറും എട്ട് റണ്‍സ് അകലെ എത്തിയിരുന്നു.

ഇന്നലത്തെ മത്സരത്തിൽ പൂജ്യത്തിൽ മടങ്ങിയതോടെ നാണക്കേടിന്റെ റെക്കോർഡിൽ ഇടം പിടിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ് താരം അമ്പാട്ടി റായുഡു. ഷമിക്കെതിരെ ആദ്യ പന്തിൽ തന്നെ ക്യാച്ചിലൂടെ പുറത്തായ റായുഡു ഐപിഎൽ കരിയറിൽ ഇത് 13ആം തവണയാണ് പൂജ്യത്തിൽ മടങ്ങുന്നത്. 153 ഇന്നിംഗ്‌സിൽ നിന്നാണ് റായുഡു ഈ ലിസ്റ്റിൽ ഇടം പിടിച്ചത്.

ഐപിഎലിൽ ഏറ്റവും കൂടുതൽ തവണ ഡക്കായവരുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് റായുഡു ചെന്നെത്തിയത്. രോഹിത് ശർമ്മ, അജിൻക്യ രഹാനെ, പാർഥിവ് പട്ടേൽ, ഹർഭജൻ സിങ് എന്നിവർക്കൊപ്പമാണ് ഇനി റായുഡുവിന്റെ സ്ഥാനം.

197 ഇന്നിംഗ്‌സിൽ നിന്നാണ് രോഹിത് 13 തവണ പൂജ്യത്തിൽ മടങ്ങിയത്. രഹാനെ 141 ഇന്നിംഗ്‌സിൽ നിന്നും പാർഥിവ് പട്ടേൽ 127 ഇന്നിംഗ്‌സിൽ നിന്നുമാണ്.
മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ, സൺറൈസേഴ്‌സ് ഹൈദരബാദ് താരം മനീഷ് പാണ്ഡെ, പിയുഷ് ചൗള തുടങ്ങിയവർ 12 ഡക്കുമായി രണ്ടാം സ്ഥാനത്താണ് ഈ ലിസ്റ്റിൽ.