Skip to content

ഡൽഹിയുടെ ആ തീരുമാനം അമ്പരപ്പിച്ചു, വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന്റെ പരാജയത്തിന് കാരണം ടീമിൽ വരുത്തിയ മാറ്റങ്ങളാണെന്ന് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ ആകാശ് ചോപ്ര. ചെന്നൈ സൂപ്പർ കിങ്സിനെതിരെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ 7 വിക്കറ്റിന്റെ അനായാസ വിജയം നേടിയ ഡൽഹി മോശം പ്രകടനമാണ് രാജസ്ഥാൻ റോയൽസിനെതിരെ കാഴ്ച്ചവെച്ചത്.

( Picture Source : Twitter / Bcci )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 147 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. 32 പന്തിൽ 51 റൺസ് നേടിയ ക്യാപ്റ്റൻ റിഷാബ് പന്ത്‌ മാത്രമാണ് ഡൽഹിയ്ക്ക് വേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിങിൽ തുടക്കത്തിൽ തകർന്ന രാജസ്ഥാൻ റോയൽസ് 43 പന്തിൽ 62 റൺസ് നേടിയ ഡേവിഡ് മില്ലർ, 18 പന്തിൽ 36 റൺസ് നേടിയ ക്രിസ് മോറിസ് എന്നിവരുടെ മികവിലാണ് മൂന്ന് വിക്കറ്റിന്റെ ആവേശവിജയം നേടിയത്.

( Picture Source : Twitter / Bcci )

” അവർ ടീമിൽ വരുത്തിയ മാറ്റങ്ങൾ രസകരമാണ്, എന്തിനാണ് അവർ ഹെറ്റ്മയറിനെ ഒഴിവാക്കിയത്. ആ തീരുമാനം എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവനെ ഒഴിവാക്കിയതോടെ അവരുടെ ബാറ്റിങ് നിര വളരെ ദുർബലമായി. റബാഡ തിരിച്ചെത്തിയത് വലിയ കാര്യം തന്നെയാണ്. റബാഡ എത്തിയതോടെ അവർ ഒഴിവാക്കിയേണ്ടിരുന്ന വിദേശതാരം ടോം കറനായിരുന്നു. കാരണം കറനെ കൂടാതെ ആവേശ് ഖാൻ, ക്രിസ് വോക്‌സ്, റബാഡ, സ്റ്റോയിനിസ് അടക്കം നാല് ഫാസ്റ്റ് ബൗളർമാർ ടീമിലുണ്ട്. അതുകൂടാതെ സ്പിന്നർമാരായി രവിചന്ദ്രൻ അശ്വിനും അമിത് മിശ്രയും ടീമിലുണ്ട്. ” ചോപ്ര പറഞ്ഞു.

( Picture Source : Twitter / Bcci )

” അവർ ബാറ്റിങ് ഓർഡർ നോക്കൂ, പൃഥ്വി ഷാ, ശിഖാർ ധവാൻ, അജിങ്ക്യ രഹാനെ, റിഷാബ് പന്ത്‌, മാർക്കസ് സ്റ്റോയിനിസ്, ലളിത് യാദവ്, എന്നിവർക്ക് ശേഷം പിന്നെയുള്ളത് ക്രിസ് വോക്‌സും ടോം കറനുമാണ്. വളരെ ദുർബലമായ ബാറ്റിങ് ലൈനപ്പാണിത്. അതുകൊണ്ട് തന്നെ അവരുടെ തീരുമാനങ്ങൾ എന്നെ അമ്പരിപ്പിച്ചു. ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

” അമിത് മിശ്രയെ ഒഴിവാക്കി അവർ ലളിത് യാദവിന് അവസരം നൽകി. ലെഗ് സ്പിന്നല്ല ഓഫ് സ്പിൻ എറിയുന്ന ബാറ്റ്‌സ്മാനാണ് യാദവ്, വാങ്കഡേ പോലെയൊരു ചെറിയ ഗ്രൗണ്ടിൽ അശ്വിനടക്കം രണ്ട് ഓഫ് സ്പിന്നർമാർ !! എന്തുകൊണ്ട് ഒരു റിസ്റ്റ് സ്പിന്നറെ ഉൾപ്പെടുത്തിയില്ല, ഒരു പക്ഷെ ഹെറ്റ്മയറിന്റെ അഭാവത്തിൽ ലളിത് യാദവിന്റെ ബാറ്റിങ് അവർക്ക് ആവശ്യം വന്നിരിക്കാം, എന്തുതന്നെയായാലും അത് തെറ്റായ തീരുമാനമായിരുന്നു. ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )