Skip to content

അടുത്ത മത്സരത്തിൽ കളിക്കരുത് ! ആദ്യ മത്സരത്തിന് ശേഷം ആരാധകൻ അയച്ച സന്ദേശം വെളിപ്പെടുത്തി ദീപക് ചഹാർ

തകർപ്പൻ പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഫാസ്റ്റ് ബൗളർ ദീപക് ചഹാർ കാഴ്ച്ചവെച്ചത്. നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ ദീപക് ചഹാർ വീഴ്ത്തിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. ആ മത്സരത്തിന് ശേഷം ഒരു ആരാധകൻ തനിക്കയച്ച സന്ദേശം ദീപക് ചഹാർ പഞ്ചാബിനെതിരായ മത്സരശേഷം വെളിപ്പെടുത്തുകയും ചെയ്തു.

( Picture Source : Twitter / Bcci )

മത്സരത്തിൽ 6 വിക്കറ്റിനാണണ് ചെന്നൈ സൂപ്പർ കിങ്സ് വിജയിച്ചത്. പഞ്ചാബ് കിങ്‌സ് ഉയർത്തിയ 107 റൺസിന്റെ വിജയലക്ഷ്യം 15.4 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു. ചെന്നൈയ്ക്ക് വേണ്ടി ഫാഫ് ഡുപ്ലെസിസ് 33 പന്തിൽ 36 റൺസും മൊയിൻ അലി 31 പന്തിൽ 46 റൺസും നേടി.

( Picture Source : Twitter / Bcci )

” കഴിഞ്ഞ മത്സരത്തിൽ ശരാശരി പ്രകടനമായിരുന്നു എന്റേത്, എന്റെ പ്രകടനം അത്ര മികച്ചതോ അത്ര മോശമോ ആയിരുന്നില്ല. നാല് ഓവറിൽ 35 റൺസ് ഞാൻ വഴങ്ങിയിരുന്നു. റൂമിലെത്തിയത് ശേഷം സോഷ്യൽ മീഡിയയിൽ ഒരാളയച്ച മെസേജ് ഞാൻ കണ്ടു. ‘ നിങ്ങൾ വളരെ മികച്ച ബൗളറാണ് എന്നാൽ ദയവുചെയ്ത് അടുത്ത മത്സരത്തിൽ കളിക്കരുതെന്ന് അപേക്ഷിക്കുന്നുവെന്നാണ് ആ മെസേജിൽ അയാൾ പറഞ്ഞത്. പ്രതീക്ഷകൾ വളരെയേറെയാണ്, എല്ലാ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. ഇത് ആ ആരാധകനുള്ള മറുപടിയാണ്. ഞാൻ ഈ മത്സരം കളിച്ചില്ലായിരുന്നുവെങ്കിൽ ഈ പ്രകടനം പുറത്തെടുക്കാൻ എനിക്ക് സാധിക്കില്ലായിരുന്നു. ഒരു മത്സരത്തിൽ നിറംമങ്ങിയെന്ന് കരുതി അയാൾ മോശം കളിക്കാരനാകില്ല, ആ കളിക്കാരനെ അൽപ്പമെങ്കിലും നിങ്ങൾ പിന്തുണയ്ക്കണം. ” ദീപക് ചഹാർ പറഞ്ഞു.

( Picture Source : Twitter / Bcci )

” ഈ മത്സരത്തിലെ വിക്കറ്റും എന്റെ പ്രകടനവും നോക്കിയാൽ ഇതെന്റെ ഫേവറിറ്റ് ഗ്രൗണ്ടാണെന്ന് പറയേണ്ടിവരും. മികച്ച പ്രകടനം പുറത്തെടുക്കന്നതിൽ വിക്കറ്റ് അൽപ്പം സഹായിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ സ്വിങോ സീമോ ഉണ്ടായിരുന്നില്ല. ഇന്ന് വിക്കറ്റ് ബൗളർമാർക്ക് അനുകൂലമായിരുന്നു. ” ദീപക് ചഹാർ കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

2018 മുതൽ ഐ പി എല്ലിൽ പവർപ്ലേയിൽ ഏറ്റവും വിക്കറ്റ് നേടിയ ബൗളറാണ് ദീപക് ചഹാർ. 2018 മുതൽ ആദ്യ 6 ഓവറിനുള്ളിൽ 35 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്‌. 23 വിക്കറ്റുകൾ നേടിയ ട്രെൻഡ് ബോൾട്ടാണ് ദീപക് ചഹാറിന് പുറകിലുള്ളത്.

( Picture Source : Twitter / Bcci )