Skip to content

അന്ന് വിരാട് കോഹ്ലി നൽകിയ നിർദ്ദേശം ഒരുപാട് സഹായിച്ചു ; ബാബർ അസം

ഒരിക്കൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നൽകിയ നിർദ്ദേശം മികച്ച ക്രിക്കറ്ററാകാൻ തന്നെ ഒരുപാട് സഹായിച്ചുവെന്ന് പാകിസ്ഥാൻ ക്യാപ്റ്റനും പുതിയ ഒന്നാം നമ്പർ ഏകദിന ബാറ്റ്‌സ്മാനും കൂടിയായ ബാബർ അസം. ഐസിസി ഏകദിന റാങ്കിങിൽ കോഹ്ലിയെ പിന്നിലാക്കിയ ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നൽകിയ അഭിമുഖത്തിലാണ് മികച്ച ബാറ്റ്‌സ്മാനാകാൻ സഹായിച്ച കോഹ്ലിയുടെ ഉപദേശമെന്തെന്ന് ബാബർ തുറന്നുപറഞ്ഞത്.

( Picture Source : Twitter )

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് ഏകദിന റാങ്കിങിൽ കോഹ്ലിയെ പിന്നിലാക്കി ബാബർ അസം ഒന്നാം സ്ഥാനത്തെത്തിയത്. സഹീർ അബ്ബാസ്, ജാവേദ് മിയാൻദാദ്, മൊഹമ്മദ് യൂസഫ് എന്നിവർക്ക് ശേഷം ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തുന്ന പാകിസ്ഥാൻ ബാറ്റ്‌സ്മാൻ കൂടിയാണ് ബാബർ അസം.

( Picture Source : Twitter )

” മുൻപ് നെറ്റ്സിലെ പരിശീലനം ഞാൻ കാര്യമായി എടുത്തിരുന്നില്ല. എന്നാൽ പിന്നീട് പതുക്കെ ഈ കുറവ്‌ ഞാൻ മറികടന്നു. നെറ്റ് സെഷനുകൾ ഗൗരവമായി എടുക്കുന്നില്ലയെങ്കിൽ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കില്ലയെന്ന് ഞാൻ മനസ്സിലാക്കി. ” ബാബർ അസം പറഞ്ഞു.

( Picture Source : Twitter )

” ഇതിനെകുറിച്ച് ഞാൻ ഒരിക്കൽ വിരാട് കോഹ്ലിയുമായി സംസാരിച്ചിരുന്നു. നെറ്റ് സെഷനുകൾ മത്സരങ്ങളെ പോലെ ഗൗരവമായി കാണണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. നെറ്റ്സിൽ മോശം ഷോട്ടുകൾ കളിച്ച് പുറത്തായാൽ മത്സരങ്ങളിലും അത് ആവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഹ്ലിയുടെ ഈ നിർദ്ദേശം എന്നെ ഒരുപാട് സഹായിച്ചു. ഇപ്പോൾ നെറ്റ്സിലെ പരിശീലനത്തിൽ ഞാൻ തൃപ്തനാണ്. നെറ്റ് സെഷൻ നന്നായി പോയില്ലെങ്കിൽ ഞാനിപ്പോൾ അസ്വസ്ഥനായിരിക്കും. ” ബാബർ അസം പറഞ്ഞു.

( Picture Source : Twitter / Bcci )