Skip to content

ആ നേട്ടങ്ങളിൽ എം എസ് ധോണിയെയും രോഹിത് ശർമ്മയെയും പിന്നിലാക്കി ഡേവിഡ് വാർണർ

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 6 റൺസിന് പരാജയപെട്ടുവെങ്കിലും മികച്ച പ്രകടനമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ഫിഫ്റ്റി നേടി പുറത്തായ വാർണർ തകർപ്പൻ റെക്കോർഡുകളും സ്വന്തം പേരിലാക്കി.

( Picture Source : Twitter / Bcci )

37 പന്തിൽ 7 ഫോറും ഒരു സിക്സുമടക്കം 54 റൺസ് നേടിയാണ് ഡേവിഡ് വാർണർ പുറത്തായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് വാർണർ സ്വന്തമാക്കി. 877 റൺസ് ആർ സി ബിയ്ക്കെതിരെ ഡേവിഡ് വാർണർ നേടിയിട്ടുണ്ട്‌. ബാംഗ്ലൂരിനെതിരെ 834 റൺസ്‌ നേടിയിട്ട്ടുള്ള ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം സ്‌ ധോണിയെയാണ് ഈ നേട്ടത്തിൽ ഡേവിഡ് വാർണർ പിന്നിലാക്കിയത്.

( Picture Source : Twitter / Bcci )

ഐ പി എല്ലിൽ ബാംഗ്ലൂരിനെതിരായ ഡേവിഡ് വാർണറിന്റെ എട്ടാം ഫിഫ്റ്റിയാണിത്. ഇതോടെ ഐ പി എല്ലിൽ ബാംഗ്ലൂരിനെതിരെ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടവും വാർണർ സ്വന്തമാക്കി. ആർ സി ബിയ്ക്കെതിരെ 7 ഫിഫ്റ്റി നേടിയിട്ടുള്ള മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെയാണ് വാർണർ പിന്നിലാക്കിയത്.

( Picture Source : Twitter / Bcci )

കൂടാതെ മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ (5292 റൺസ്) ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ ശിഖാർ ധവാൻ (5282 റൺസ്) എന്നിവരെ പിന്നിലാക്കി വാർണർ മൂന്നാം സ്ഥാനത്തെത്തി. 144 മത്സരങ്ങളിൽ നിന്നും 42.48 ശരാശരിയിൽ 5,311 റൺസ് ഡേവിഡ് വാർണർ നേടിയിട്ടുണ്ട്‌.

( Picture Source : Twitter / Bcci )

194 മത്സരങ്ങളിൽ നിന്നും 5,944 റൺസ് നേടിയ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി, 194 മത്സരങ്ങളിൽ നിന്നും 5422 റൺസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌ന എന്നിവരാണ് വാർണർക്ക് മുൻപിലുള്ളത്.

( Picture Source : Twitter / Bcci )

മത്സരത്തിൽ 6 റൺസിനാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് പരാജയപെട്ടത്. ബാംഗ്ലൂർ ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 143 റൺസ് നേടാനെ സാധിച്ചുള്ളു. സീസണിലെ സൺറൈസേഴ്‌സിന്റെ തുടർച്ചയായ രണ്ടാം പരാജയമാണിത്. നേരത്തെ സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 10 റൺസിന് അവർ പരാജയപെട്ടിരുന്നു. ഏപ്രിൽ 17 ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെയാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അടുത്ത മത്സരം.

( Picture Source : Twitter / Bcci )