Skip to content

‘ അദ്ദേഹത്തിന് ഒരു സിക്സ് പോലും അടിക്കാൻ കഴിഞ്ഞില്ല ‘ ഹൈദരബാദിന്റെ തോൽവിക്ക് കാരണമായ താരത്തെ ചൂണ്ടിക്കാട്ടി സെവാഗ്

ഇന്ത്യൻ പ്രീമിയർ ലീഗിലെ മൂന്നാം മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 10 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. ഓപ്പണർ നിതീഷ് റാണയുടെ അര്‍ദ്ധ സെഞ്ചുറി പിന്നിട്ട ഇന്നിംഗ്സാണ് മികച്ച തുടക്കം സമ്മാനിച്ചത്.

56 പന്തില്‍ നാല് സിക്സറും ഒന്പത് ഫോറുമടക്കം 80 റണ്‍സാണ് റാണ നേടിയത്. റാണക്ക് പുറമെ രാഹുല്‍ തൃപാഠിയും 50 കടന്നു. 29 പന്തില്‍നിന്ന് 53 റണ്‍സാണ് തൃപാഠി നേടിയത്. ദിനേശ് കാര്‍ത്തിക് പുറത്താകാതെ ഒന്‍പത് പന്തില്‍ നിന്ന് ഒരു സിക്സറും രണ്ട് ഫോറുമടക്കം 22 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് മാത്രമാണ് നേടാനായത്.
ഹൈദരാബാദിനു വേണ്ടി മനീഷ് പാണ്ഡേയും ജോണി ബെയര്‍സ്റ്റോയും അര്‍ദ്ധ സെഞ്ചുറി നേടി. റാണ 44 പന്തില്‍നിന്ന് 61 റണ്‍സും ബെയര്‍സ്റ്റോ 40 പന്തില്‍നിന്ന് 55 റണ്‍സും നേടി. ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാബ ഏഴ് റണ്‍സും ഡേവിഡ് വാര്‍ണര്‍ മൂന്ന് റണ്‍സും മാത്രം നേടി പുറത്തായി. മുഹമ്മദ് നബി (14), വിജയ് ശങ്കര്‍ (11), അബ്ദുല്‍ സമദ് (19) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റണ്‍സ്.

മത്സരം അവസാനിച്ചതിന് പിന്നാലെ അവസാനം വരെ ക്രീസിൽ ഉണ്ടായിരുന്ന മനീഷ് പാണ്ഡെയ്ക്കെതിരെ രൂക്ഷവിമർശനവുമായി സെവാഗ്. അവസാന 6 ഓവറിൽ 12 ബോളുകൾ നേരിട്ട മനീഷ് പാണ്ഡെ ആകെ നേടിയത് ഒരു സിക്സ് മാത്രമാണ്, അതും പരാജയം ഉറപ്പിച്ച അവസാന ബോളിലായിരുന്നു.

” കെ‌കെ‌ആറിനെതിരെ ബാറ്റ് ചെയ്ത അവസാന മൂന്ന് ഓവറിൽ മനീഷ് പാണ്ഡെക്ക് ഒരു ബൗണ്ടറി പോലും നേടാനായില്ല. വിജയസാധ്യത അവസാനിച്ചപ്പോഴായിരുന്നു ആ ഒറ്റ സിക്സ് അവസാന പന്തിൽ നിന്ന് നേടിയത്. അദ്ദേഹത്തിന് ഒരു പ്രധാന റോൾ കളിക്കേണ്ടതായി ഉണ്ടായിരുന്നു. അദ്ദേഹം അതിനകം തന്നെ സമ്മർദ്ദം നേരിട്ട് ക്രീസിൽ നിലയുറപ്പിച്ച താരമായിരുന്നു. അവസാന ഓവറുകൾക്ക് വേണ്ടി കാത്തിരിക്കാതെ
ബൗണ്ടറികൾ നേടാൻ അദ്ദേഹം മുൻകൈയെടുത്തിരുന്നുവെങ്കിൽ, ഹൈദരബാദിന് 10 റൺസിന് മത്സരം പരാജയപ്പെടേണ്ടി വരില്ലായിരുന്നു. ” സെവാഗ് പറഞ്ഞു.

“ ചിലപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും, ക്രീസിൽ നിലയുറപ്പിച്ചിട്ടും നിങ്ങൾക്ക് പന്തുകൾ അടിക്കാൻ കഴിയാത്ത അവസ്ഥ. മനീഷ് പാണ്ഡെയുടെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചുവെന്ന് ഞാൻ കരുതുന്നു. ആവശ്യഘട്ടത്തിൽ അദ്ദേഹത്തിന് ഒരു സിക്സ് പോലും നേടാനായില്ല. ” അദ്ദേഹം കൂട്ടിച്ചേർത്തു.