Skip to content

ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ തകർപ്പൻ പ്രകടനത്തോടെ ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത നേട്ടം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ശിഖാർ ധവാൻ. മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 85 റൺസ് ശിഖാർ ധവാൻ നേടിയിരുന്നു.

( Picture Source : Twitter / Bcci )

35 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ ധവാൻ 54 പന്തിൽ 10 ഫോറും 2 സിക്സുമുൾപ്പടെ 85 റൺസ് നേടിയാണ് പുറത്തായത്. ധവാനൊപ്പം 38 പന്തിൽ 9 ഫോറും 3 സിക്സും ഉൾപ്പെടെ 72 റൺസ് നേടിയ പൃഥ്വി ഷായും തകർപ്പൻ പ്രകടനം പുറത്തെടുത്തു. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഡൽഹി മറികടന്നു.

( Picture Source : Twitter / Bcci )

മത്സരത്തിൽ 10 ഫോറുകൾ ധവാന്റെ ബാറ്റിൽ നിന്നും പിറന്നിരുന്നു. ഇതോടെ ഐ പി എല്ലിൽ 600 ഫോറുകൾ ധവാൻ പൂർത്തിയാക്കി. ഐ പി എൽ ചരിത്രത്തിൽ 600 ഫോർ നേടുന്ന ആദ്യ ബാറ്റ്‌സ്മാനാണ് ശിഖാർ ധവാൻ. 510 ഫോർ നേടിയ ഡേവിഡ് വാർണർ, 507 ഫോർ നേടിയ വിരാട് കോഹ്ലി എന്നിവരാണ് ഈ പട്ടികയിൽ ധവാന് പുറകിലുള്ളത്.

( Picture Source : Twitter / Bcci )

കൂടാതെ ഈ മത്സരത്തിലെ പ്രകടനത്തോടെ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡും ധവാൻ സ്വന്തമാക്കി. 910 റൺസ് ചെന്നൈ സൂപ്പർ കിങ്സിനെതിരെ ധവാൻ നേടിയിട്ടുണ്ട്‌. ചെന്നൈയ്ക്കെതിരെ 901 റൺസ് നേടിയിട്ടുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയാണ് ധവാൻ പിന്നിലാക്കിയത്.

( Picture Source : Twitter / Bcci )

മത്സരത്തിലെ പ്രകടനത്തോടെ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണറെ പിന്നിലാക്കി ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനായി ധവാൻ മാറി. 177 മത്സരത്തിൽ നിന്നും 5282 റൺസ് ഇതുവരെ ധവാൻ നേടിയിട്ടുണ്ട്‌. 5422 റൺസ് നേടിയ സുരേഷ് റെയ്‌ന, 5911 റൺസ് നേടിയ വിരാട് കോഹ്ലി എന്നിവരാണ് ധവാന് മുൻപിലുള്ളത്.

( Picture Source : Twitter / Bcci )