Skip to content

പാകിസ്ഥാനെതിരെ കളിക്കുമ്പോൾ ധോണിക്കെതിരെ പ്രകോപിതനായി രാഹുൽ ദ്രാവിഡ് ചീത്തപറഞ്ഞ സംഭവം വെളിപ്പെടുത്തി വീരേന്ദർ സെവാഗ്

കളിക്കളത്തിലെ മാന്യതയ്ക്കും ക്ഷമയ്ക്കും പേരുക്കേട്ട താരമാണ് മുൻ ഇന്ത്യൻ ഇതിഹാസ താരം രാഹുൽ ദ്രാവിഡ്. കഴിഞ്ഞ ദിവസം പുതിയ ഭാവത്തിൽ ദ്രാവിഡ് എത്തിയ പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ക്രെഡ് കമ്പനിയുടെ പരസ്യത്തിലാണ് ചൂടൻ റോളിൽ അഭിനയിച്ചത്. ദ്രാവിഡിന്റെ ഇങ്ങനെയൊരു വശം ആദ്യമായി കാണുന്നതെന്ന പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ കോഹ്‌ലിയും ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം രാഹുൽ ദ്രാവിഡ് പ്രകോപിതനായി കണ്ട സംഭവം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓപ്പണർ സെവാഗ് രംഗത്തെത്തിയിരിക്കുകയാണ്. 2006 പാകിസ്ഥാൻ പര്യടനത്തിനിടെയാണ് അന്ന് യുവതാരമായിരുന്ന ധോണിയോട് ദ്രാവിഡ് ദേഷ്യപ്പെട്ടത്.

സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റൻസിയുടെ കീഴിലായിരുന്നു എം‌എസ് ധോണി ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി അരങ്ങേറ്റം കുറിച്ചത്,എന്നാൽ അധികം വൈകാതെ ഗാംഗുലി ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറിയതോടെ ദ്രാവിഡായിരുന്നു ആ കാലയളവിൽ ടീമിനെ നയിച്ചത്.

” രാഹുൽ ദ്രാവിഡ് ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞങ്ങൾ പാകിസ്ഥാനിലായിരുന്നപ്പോൾ, അന്ന് എം‌എസ് ധോണി പുതുമുഖമായിരുന്നു, അദ്ദേഹം ഒരു മോശം ഷോട്ട് കളിക്കുകയും ക്യാച്ചിലൂടെ പുറത്താവുകയും ചെയ്തു. അത് കാരണം എം‌എസ് ധോണിയോട് ദ്രാവിഡിന് കടുത്ത ദേഷ്യമായിരുന്നു. ‘നിങ്ങൾ കളിക്കുന്ന രീതി അതാണോ? നിങ്ങൾ ഗെയിം ഫിനിഷ് ചെയ്യണം. ’ പിന്നാലെ ദ്രാവിഡ് ഇംഗ്ലീഷിൽ ശകാരവർഷം തുടങ്ങിയതോടെ ഞാൻ മാറിനിൽക്കുകയായിരുന്നു. ആ ദേഷ്യപ്പെടലിൽ അമ്പരന്നു, അദ്ദേഹം ഇംഗ്ലീഷിൽ പറഞ്ഞതിന്റെ പകുതിയും എനിക്ക് മനസ്സിലായില്ല.” ക്രിക്ബസ് ഷോയിൽ സംസാരിക്കവേ സെവാഗ് വെളിപ്പെടുത്തി.

” അടുത്ത തവണ ധോണി ബാറ്റ് ചെയ്യുമ്പോൾ, അദ്ദേഹം കൂടുതൽ ഷോട്ടുകൾ കളിക്കുന്നില്ലെന്ന കാര്യം എനിക്ക് മനസ്സിലായി. ഞാൻ പോയി എന്താണ് പറ്റിയതെന്ന് അന്വേഷിച്ചു. ദ്രാവിഡിനെ വീണ്ടും ദേശ്യപ്പെടുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാൻ പതുക്കെ കളിച്ച് ഫിനിഷ് ചെയ്ത് തിരികെ പോകാനാണ് ആഗ്രഹിക്കുന്നത് ” വീരേന്ദർ സെവാഗ് പറഞ്ഞു.