Skip to content

പൂജ്യത്തിന് പുറത്തായ എം എസ് ധോണിയ്ക്ക് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ

നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഐ പി എൽ പതിനാലാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി കാഴ്ച്ചവെച്ചത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 2 പന്തുകൾ മാത്രം നേരിട്ട എം എസ് ധോണി റണ്ണൊന്നും നേടാനാകാതെയാണ് പുറത്തായത്. ഏഴാം നമ്പർ ബാറ്റ്‌സ്മാനായാണ് എം എസ് ധോണി ബാറ്റിങിനിറങ്ങിയത്. മത്സരത്തിന് പുറകെ എം എസ് ധോണി ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ സുനിൽ ഗാവസ്‌കർ. നിർദ്ദേശത്തിന് പിന്നിലെ കാരണവും സുനിൽ ഗാവസ്‌കർ വെളിപ്പെടുത്തി.

( Picture Source : Twitter / Bcci )

മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപെട്ടത്. 36 പന്തിൽ 54 റൺസ് നേടിയ സുരേഷ് റെയ്‌നയുടെ അർധസെഞ്ചുറി മികവിൽ ചെന്നൈ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ 72 റൺസ് നേടിയ പൃഥ്വി ഷായുടെയും 85 റൺസ് നേടിയ ശിഖാർ ധവാന്റെയും മികവിൽ ഡൽഹി മറികടന്നു. മത്സരത്തിൽ 2 പന്തുകൾ മാത്രം നേരിട്ട എം എസ് ധോണിയുടെ ആവേശ് ഖാനാണ് പുറത്താക്കിയത്. ഐ പി എല്ലിൽ ഇത് നാലാം തവണയാണ് ധോണി റണ്ണൊന്നും നേടാതെ പുറത്താകുന്നത്. ഇതിനുമുൻപ് 2015 ലാണ് ധോണി ഐ പി എല്ലിൽ പൂജ്യത്തിന് പുറത്താകുന്നത്.

( Picture Source : Twitter / Bcci )

” ചെന്നൈ സൂപ്പർ കിങ്‌സിനെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ ബാറ്റിങ് ഓർഡറിൽ ധോണി ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. മത്സരത്തിൽ ഡൗൺ ഓർഡറിലാണ് അവൻ ഇറങ്ങിയത്, ഒരുപക്ഷെ നാലോ അഞ്ചോ ഓവറിൽ മാത്രം ബാറ്റ് ചെയ്താൽ മതിയെന്ന് ധോണി തീരുമാനിച്ചിട്ടുണ്ടാകാം. എന്നാൽ ഒരുപാട് യുവതാരങ്ങൾ ധോണിയുടെ ടീമിലുണ്ട്, അവരിൽ ചിലർ വളരെ ചെറുപ്പമാണ്. അതുകൊണ്ട് അവർക്ക് ധോണി വഴിക്കാട്ടേണ്ടതുണ്ട് . ” സുനിൽ ഗാവസ്‌കർ പറഞ്ഞു.

( Picture Source : Twitter )

” അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്സ്പീരിയൻസ് വെച്ചുനോക്കിയാൽ സാം കറനും വളരെ ചെറുപ്പമാണ്. എന്നാൽ അവൻ നന്നായി ബാറ്റ് ചെയ്തു. ഒരുപക്ഷേ യു എ ഇ യിലെ പോലെ സാം കറനെ മൂന്നാമനായോ നാലാമനായോ ഇറക്കിയേക്കാം. എന്നാൽ അതിനൊപ്പം ധോണിയും ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തണം. കാരണം എങ്കിൽ മാത്രമേ മത്സരത്തിന്റെ ഗതി നിയന്ത്രിക്കാൻ അവന് സാധിക്കൂ. മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ ധോണി പുറത്തായി. എന്നാലത് എല്ലാവർക്കും സംഭവിക്കാവുന്നതാണ്. എന്നാൽ ടൂർണമെന്റ് പുരോഗമിക്കുമ്പോൾ അവൻ ആറാമനായോ അഞ്ചാമനായോ ബാറ്റിങിനിറങ്ങണം. ” സുനിൽ ഗാവസ്‌കർ കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

ഏപ്രിൽ 16 ന് ഇതേ വേദിയിൽ കെ എൽ രാഹുലിന്റെ പഞ്ചാബ് കിങ്സിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത മത്സരം.

( Picture Source : Twitter / Bcci )