Skip to content

ഫോമിൽ തിരിച്ചെത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പൃഥ്വി ഷാ

തകർപ്പൻ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ പൃഥ്വി ഷാ കാഴ്ച്ചവെച്ചത്. വെറും 27 പന്തിൽ നിന്നും ഫിഫ്റ്റി പൂർത്തിയാക്കിയ പൃഥ്വി ഷാ ഓപ്പണിങ് കൂട്ടുകെട്ടിൽ ശിഖാർ ധവാനൊപ്പം 138 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു. മത്സരശേഷം ഫോമിൽ തിരിച്ചെത്തിയതിന് പിന്നിലെ കാരണവും യുവതാരം പൃഥ്വി ഷാ വെളിപ്പെടുത്തി.

( Picture Source : Twitter / Bcci )

38 പന്തിൽ 9 ഫോറും 3 സിക്സുമടക്കം 72 റൺസ് നേടിയാണ് പൃഥ്വി ഷാ പുറത്തായത്. ശിഖാർ ധവാനാകട്ടെ 54 പന്തിൽ 10 ഫോറും 2 സിക്സുമടക്കം 85 റൺസ് നേടി. ഇരുവരുടെയും മികവിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് മറികടന്നു. കഴിഞ്ഞ സീസണിൽ ഡൽഹിയ്ക്ക് വേണ്ടി 13 മത്സരങ്ങളിൽ നിന്നും 17.53 ശരാശരിയിൽ 228 റൺസ് നേടാൻ മാത്രമേ പൃഥ്വി ഷായ്ക്ക് സാധിച്ചിരുന്നുള്ളൂ. തുടർന്ന് നടന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ മോശം പ്രകടനം കാഴ്ച്ചവെച്ച താരം ടീമിൽ നിന്നും പുറത്താക്കപെടുകയും ചെയ്തിരുന്നു.

( Picture Source : Twitter / Bcci )

” വളരെയധികം സന്തോഷം തോന്നുന്നു, എല്ലാവരും ടീമിന്റെ വിജയത്തിൽ പങ്കുവഹിച്ചു. സീസണിൽ മികച്ച തുടക്കം തന്നെ ഞങ്ങൾക്ക് ലഭിച്ചു. ഓസ്‌ട്രേലിയയിൽ ടീമിൽ നിന്നും പുറത്താക്കപെട്ടപ്പോൾ മുതൽ എന്റെ ബാറ്റിങ് മെച്ചപ്പെടുത്താൻ ഞാൻ ശ്രമം തുടങ്ങി. ഓസ്‌ട്രേലിയയിൽ നിന്നും നേരത്തെ തിരിച്ചെത്തിയ ഞാൻ വിജയ് ഹസാരെ ട്രോഫിയ്ക്ക് മുൻപായി പ്രവീൺ ആംറെയ്ക്കൊപ്പം പരിശീലനം ആരംഭിച്ചു. മികച്ച പ്ലാനോടെയാണ് ഞാൻ വിജയ് ഹസാരെ ട്രോഫിയ്ക്കെത്തിയത്. ആ പ്ലാൻ വിജയിക്കുകയും ചെയ്തു. ” പൃഥ്വി ഷാ പറഞ്ഞു.

( Picture Source : Twitter / Bcci )

പൃഥ്വി ഷായാണ് വിജയ് ഹസാരെ ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്. 8 മത്സരങ്ങളിൽ നിന്നും 165.40 ശരാശരിയിൽ 827 റൺസ് പൃഥ്വി ഷാ നേടിയിരുന്നു.

( Picture Source : Twitter / Bcci )

” ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഞാനിപ്പോൾ ചിന്തിക്കുന്നില്ല, കാരണം അതെന്നെ വളരെയേറെ നിരാശപ്പെടുത്തിയിരുന്നു. പക്ഷേ എനിക്ക് മുൻപോട്ട് പോകണം, എന്റെ ബാറ്റിങിലോ ടെക്നിക്കിലോ തെറ്റുണ്ടെങ്കിൽ കഠിന പ്രയത്‌നത്തിലൂടെ എനിക്കത് തിരുത്തണം.” പൃഥ്വി ഷാ കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )