Skip to content

ബിഗ്ബാഷിൽ ഹാട്രിക് നേടിയ റാഷിദ് ഖാന്റെ തന്ത്രം പുറത്തുവിട്ട് ആരാധകന്റെ വിശകലന വീഡിയോ ; അഭിനന്ദന ട്വീറ്റുമായി റാഷിദ് ഖാൻ

2019-20 ബിഗ്ബാഷ് ലീഗിലായിരുന്നു അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് വേണ്ടി കളിക്കുന്നതിനിടെ ടി20 കരിയറിലെ മൂന്നാം ഹാട്രിക്ക് വിക്കറ്റ് നേട്ടം റാഷിദ് ഖാൻ സ്വന്തമാക്കിയത്. 136 റൺസ് പ്രതിരോധിക്കുന്നതിനിടെയാണ് സിഡ്നി സിക്സേഴ്‌സിനെതിരെ ഹാട്രിക്ക് നേടിയത്. നിർഭാഗ്യവശാൽ 2 വിക്കറ്റിന് അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെട്ടിരുന്നു. 4 ഓവർ അവസാനിച്ചപ്പോൾ 4 വിക്കറ്റ് നേട്ടത്തിൽ 22 റൺസാണ് റാഷിദ് ഖാൻ വഴങ്ങിയത്.


പതിനൊന്നാം ഓവറിലെ അവസാന രണ്ട് പന്തിൽ ജെയിംസ് വിൻസിനെയും എഡ്വാർഡിനെയും പുറത്താക്കിയായിരുന്നു ഹാട്രിക്കിനുള്ള അവസരം നേടിയത്. വീണ്ടും എറിയാനെത്തിയ പതിമൂന്നാം ഓവറിലെ ആദ്യ പന്തിൽ ഗൂഗ്ലി ഡെലിവറിയിൽ ഹാട്രിക്ക് ഒഴിവാക്കാൻ പ്രതിരോധത്തിന് ശ്രമിച്ച സിൽകിനെ ബൗൾഡ് ആക്കിയായിരുന്നു ഹാട്രിക് നേടിയത്.

ഇപ്പോഴിതാ ഹാട്രിക്കിനായുള്ള  പന്തിൽ റാഷിദ് ഖാൻ മെനഞ്ഞ തന്ത്രം വെളിപ്പെടുത്തി ആരാധകൻ ട്വിറ്ററിൽ വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. പതിമൂന്നാം ഓവറിലെ ആദ്യ പന്ത് സാധാരണ ഗതിയിലുള്ള പന്താണെന്ന് തോന്നുമെങ്കിലും അക്ഷരാർത്ഥത്തിൽ തന്റെ തന്ത്രത്തിലൂടെ ബാറ്റ്സ്മാനെ കബളിപ്പിച്ചാണ് റാഷിദ് ഖാൻ മൂന്നാം വിക്കറ്റ് നേടിയത്.

സാധാരണ ലെഗ് സ്പിന്നർമാരിൽ നിന്ന് വിപരീതമായി വ്യത്യസ്തമായ രീതിയിലാണ് റാഷിദ് ഖാൻ ഗൂഗ്ലി എറിയാറുള്ളത്. സാധാരണ ലെഗ് സ്പിന്നർമാർ  കൈയുടെ പിറക്  വശം ബാറ്റ്സ്മാന്മാർക്ക് നേരെയായി ഗൂഗ്ലിയും ഉൾവശം സൈഡിലേക്ക് മാറ്റിയുമാണ് ലെഗ് ബ്രെക്ക് ഡെലിവറിയും ചെയ്യുന്നത്, എന്നാൽ റാഷിദ് ഖാൻ 2 തരത്തിലുള്ള ഡെലിവറിയും കൈയുടെ പിറക്  വശം ബാറ്റ്സ്മാന്മാർക്ക് നേരെയാക്കിയാണ് ചെയ്യാറുള്ളത്. ബോൾ വിരൽ കൊണ്ട്  പിടിക്കുന്ന രീതിയിൽ മാറ്റം വരുത്തിയാണ് ഈ രണ്ട് വേരിയേഷനും റാഷിദ് ഖാൻ സാധ്യമാക്കുന്നത്.

വിരൽ അടർത്തി പിടിച്ചു കൊണ്ട്  ലെഗ് ബ്രെക്കും വിരൽ ഒരുമിച്ച് പിടിച്ച്   ഗൂഗ്ലിയുമാണ് റാഷിദ് ഖാൻ ചെയ്യുന്നത്. എന്നാൽ ഹാട്രിക് ഡെലിവറിക്ക് തൊട്ടുമുമ്പ് വിരൽ അടർത്തി താൻ ചെയ്യാൻ പോകുന്നത്  ലെഗ് ബ്രെക്കാണെന്ന് ബാറ്റ്സ്മാനെ തെറ്റിദ്ധരിപ്പിച്ച് അവസാന നിമിഷം ഗൂഗ്ലിയിലേക്ക് മാറുകയായിരുന്നു. ഇക്കാര്യം വിശദമായി വിവരിച്ച് കൊണ്ടാണ് ആരാധകൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾകൊണ്ട് ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ വീഡിയോ ഒരു ലക്ഷത്തിന് മീതെ വ്യൂസ് നേടുകയും ചെയ്തു. പിന്നാലെ വീഡിയോയ്ക്ക് അഭിനന്ദനങ്ങളുമായി സാക്ഷാൽ റാഷിദ് ഖാൻ തന്നെ രംഗത്തെത്തുകയായിരുന്നു.