Skip to content

മുംബൈയ്ക്കെതിരെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ; ഹർഷാൽ പട്ടേൽ തകർത്തത് രോഹിത് ശർമ്മയുടെ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ആർ സി ബി ബൗളർ ഹർഷാൽ പട്ടേൽ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 5 വിക്കറ്റുകൾ വീഴ്ത്തിയ ഹർഷാൽ പട്ടേലിന്റെ മികവിലാണ് ബാംഗ്ലൂർ മുംബൈ ഇന്ത്യൻസിനെ പരാജയപെടുത്തിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡും ഹർഷൽ പട്ടേൽ സ്വന്തമാക്കി.

( Picture Source : Twitter / Bcci )

അവസാന പന്ത്‌ വരെ നീണ്ട ആവേശപോരാട്ടത്തിനൊടുവിലാണ് ബാംഗ്ലൂർ മുംബൈ ഇന്ത്യൻസിനെ 2 വിക്കറ്റിന്റെ വിജയം നേടിയത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ ആർ സി ബി മറികടന്നു. 27 പന്തിൽ 48 റൺസ് നേടിയ എബി ഡിവില്ലിയേഴ്സ്, 28 പന്തിൽ 39 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെൽ, 33 റൺസ് നേടിയ ക്യാപ്റ്റൻ കോഹ്ലി എന്നിവരാണ് ആർ സി ബിയ്ക്ക് വേണ്ടി തിളങ്ങിയത്.

( Picture Source : Twitter / Bcci )

മത്സരത്തിൽ നാലോവറിൽ 27 റൺസ് മാത്രം വഴങ്ങിയാണ് ഹർഷൽ പട്ടേൽ 5 വിക്കറ്റുകൾ വീഴ്ത്തിയത്. ഐ പി എൽ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബൗളർ മുംബൈ ഇന്ത്യൻസിനെതിരെ 5 വിക്കറ്റുകൾ നേടുന്നത്. മുംബൈ ഇന്ത്യൻസിനെതിരായ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്.

( Picture Source : Twitter / Bcci )

2009 ൽ ഡെക്കാൻ ചാർജേഴ്സിന് വേണ്ടി കളിക്കവെ മുംബൈയ്ക്കെതിരെ 6 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ നിലവിലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ്മയുടെ റെക്കോർഡാണ് ഹർഷാൽ പട്ടേൽ തകർത്തത്.

2017ൽ മുംബൈയ്ക്കെതിരെ 9 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ സാമുവൽ ബദ്രീ, 2008 ൽ ജയ്പൂരിൽ 14 റൺസ് വഴങ്ങി 4 വിക്കറ്റ് നേടിയ സൊഹൈൽ തൻവീർ എന്നിവരാണ് ഈ നേട്ടത്തിൽ ഹർഷാൽ പട്ടേലിനും രോഹിത് ശർമ്മയ്ക്കും പുറകിലുള്ളത്.

( Picture Source : Twitter / Bcci )