Skip to content

ആദ്യ മത്സരം വിജയിക്കുന്നതല്ല, ടൂർണമെന്റ് വിജയിക്കുന്നതിലാണ് കാര്യം ; രോഹിത് ശർമ്മ

ഐ പി എൽ പതിനാലാം സീസണിലെ ആദ്യ മത്സരത്തിൽ 2 വിക്കറ്റിന് പരാജയപെട്ടുവെങ്കിലും മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തതെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. തുടർച്ചയായി ഒമ്പതാം സീസണിലും ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും ആദ്യ മത്സരത്തിൽ വിജയിക്കുന്നതിന് പ്രാധാന്യമില്ലയെന്നും മത്സരശേഷം രോഹിത് ശർമ്മ പറഞ്ഞു.

( Picture Source : Twitter / Bcci )

2013 മുതൽ ഐ പി എൽ സീസണിലെ ആദ്യം മത്സരത്തിൽ വിജയിക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിട്ടില്ല. തുടർച്ചയായി ഒമ്പത് സീസണിലും ആദ്യ മത്സരത്തിൽ പരാജയപെട്ടെങ്കിലും 5 സീസണുകളിൽ കിരീടം നേടാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിട്ടുണ്ട്. ചെന്നൈയിൽ ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിൽ അവസാന പന്തിലാണ് മുംബൈ ഇന്ത്യൻസ് പരാജയപെട്ടത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം 20 ഓവറിലെ അവസാന പന്തിൽ 8 വിക്കറ്റ് നഷ്ട്ടത്തിലാണ് ആർ സി ബി മറികടന്നത്.

( Picture Source : Twitter / Bcci )

” ആദ്യ മത്സരം വിജയിക്കുന്നതിലല്ല, ടൂർണമെന്റ് വിജയിക്കുന്നതാണ് പ്രധാനപ്പെട്ട കാര്യം. മികച്ച പ്രകടനമന് മത്സരത്തിൽ ഞങ്ങൾ കാഴ്ച്ചവെച്ചത്. അവസാന നിമിഷം വരെ ഞങ്ങൾ പോരാടി. മികച്ച തുടക്കമാണ് ഞങ്ങൾക്ക് ലഭിച്ചത്. 20 റൺസെങ്കിലും അധികമായി ഞങ്ങൾക്ക് നേടാൻ സാധിക്കുമായിരുന്നു. ആദ്യ മത്സരത്തിൽ ചില പിഴവുകൾ ഞങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായി, അത് സ്വഭാവികമാണ്. ജാൻസെന്റെ കഴിവുകൾ ഞങ്ങൾ തിരിച്ചറിഞ്ഞു, ഏത് സാഹചര്യത്തിലും പന്തെറിയാൻ അവന് സാധിക്കും. ” രോഹിത് ശർമ്മ പറഞ്ഞു.

( Picture Source : Twitter / Bcci )

” ഡിവില്ലിയേഴ്സും ഡാനിയേൽ ക്രിസ്റ്റ്യനും ബാറ്റ് ചെയ്യവേ വിക്കറ്റ് ഞങ്ങൾക്ക് ആവശ്യമായിരുന്നു, അതുകൊണ്ടാണ് ബുംറയ്ക്കും ബോൾട്ടിനും ഞങ്ങൾ ഓവർ നൽകിയത്. എന്നാൽ നിർഭാഗ്യവശാൽ ഞങ്ങളുടെ പദ്ധതികൾ വിജയിച്ചില്ല. എ ബി മികച്ച പ്രകടനത്തിലൂടെ അവരെ വിജയത്തിലെത്തിച്ചു. തീർച്ചയായും ഇത് ബാറ്റിങിന് അനുകൂലമായ പിച്ചല്ലായിരുന്നു. കഴിഞ്ഞ സീസണിലെ പോലെ തയ്യാറെടുപ്പിനായി ഒരുപാട് സമയം ഇത്തവണ ലഭിച്ചിട്ടില്ല. ” രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

മികച്ച ഹോം റെക്കോർഡുള്ള ടീമുകൾക്ക് ന്യൂട്രൽ വേദികളിൽ കളിക്കുകയെന്നത് എളുപ്പമല്ലയെന്നും തുടർന്നുള്ള മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും രോഹിത് ശർമ്മ പറഞ്ഞു. ഏപ്രിൽ 13 ന് ഇതേ വേദിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം.

( Picture Source : Twitter / Bcci )